ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാറിന്റേത് കസ്റ്റഡി മരണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. രാജ്കുമാര്‍ ക്രൂര മര്‍ദനമേറ്റാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തല്‍. പോലീസുകാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയും ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് 11 മണിക്ക് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും.
ജുഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെയാണ് വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്.ഐയുടെ മുറിയില്‍ വച്ചും ഒന്നാംനിലയിലെ വിശ്രമമുറിയില്‍ വച്ചും മര്‍ദിച്ചതായുള്ള സാക്ഷി മൊഴികള്‍ വസ്തുതാപരമാണന്ന് കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വിശ്രമമുറി, പോലീസ് സ്റ്റേഷനിലെ എസ്.ഐയുടെ മുറികള്‍, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ്കുമാറിന്റെ വാഗമണിലെ വീട് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് സംഘം തെളിവെടുത്തു. രാജ്കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും ശേഷം മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി പരിശോധിച്ചു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്‍പ്പടെ ഉണ്ടായിട്ടുള്ള വീഴ്ചകള്‍, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണം എന്നിവ ഉള്‍ക്കൊള്ളിച്ച നിര്‍ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
2019 ജൂലൈ 21 നാണ് പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രാജ്കുമാര്‍ മരണപ്പെടുന്നത്. കസ്റ്റഡി മരണത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പല പോരായ്മകളും കണ്ടെത്തിയതിനെ തുടര്‍ന്ന് റീ പോസ്റ്റ്മോര്‍ട്ടം വരെ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് നടത്തുകയുണ്ടായി.