മനാമ: രാജ്യത്തെ വാക്‌സിനേഷന്‍ യത്‌നത്തില്‍ പങ്കാളികളാകുന്നതിന് ബിഅവെയര്‍ ആപ്പിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി പരമാവധി പേര്‍ വാക്‌സിനേഷനില്‍ പങ്കെടുക്കണമെന്നും, വാക്‌സിന്‍ സുരക്ഷിതവും, ഫലപ്രദവുമാണെന്നും മന്ത്രാലയം അറിയിച്ചു.
രണ്ട് ഡോസ് വീതം വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിക്കുന്നവര്‍ക്ക്, നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ബിഅവെയര്‍ ആപ്പിലൂടെ ലഭ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആദ്യ കുത്തിവെപ്പ് സ്വീകരിച്ച് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കുന്നത്.
രാജ്യത്തെ 18 വയസ്സിനു മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍, ഫൈസര്‍, ബയോ എന്‍ ടെക് എന്നീ കമ്പനികള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന വാക്‌സിന്‍ എന്നിങ്ങനെ രണ്ട് തരം വാക്‌സിനുകള്‍ ബഹ്റൈനില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.

















