തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നാല് ജില്ലകളില്‍ ഡ്രൈറണ്‍ ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റണ്‍. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറും ഡ്രൈ റണ്ണിന്റെ ഭാഗമായി. തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ എത്തിയാണ് ശൈലജ ടീച്ചര്‍ ഡ്രൈറണ്‍ നടപടി ക്രമങ്ങള്‍ വിലയിരുത്തിയത്.
കോവിഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിന്റെ ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ യാതൊരു വിധ പാര്‍ശ്വഫലങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തലെന്നും അതുകൊണ്ടുതന്നെ വാക്‌സിന്‍ എടുക്കുന്നതില്‍ ആര്‍ക്കും ആശങ്ക ഉണ്ടാവെണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
വാക്‌സിന്റെ ചിട്ടയായ വിതരണത്തിന് കേരളം സജ്ജമാണ്. കേന്ദ്ര സര്‍ക്കാരിന്റെയും ഐസിഎംആറിന്റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മുന്‍ഗണനാ പട്ടികയില്‍ വരുന്നവര്‍ക്കാണ് കുത്തിവെപ്പ് ആദ്യം നടത്തുക. ശേഷം വാക്‌സിന്‍ ലഭ്യമാകുന്നതിനനുസരിച്ച് എല്ലാവരിലും എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ അത് ഒരു സ്ഥലത്തുനിന്ന് മാറ്റൊരിടത്തേത്ത് കൊണ്ടുപോകുന്നതിനും വാക്‌സിന്‍ സൂക്ഷിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.