ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റണ്‍ ആരംഭിച്ചു. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന വാക്‌സിന്‍ വിതരണ റിഹേഴ്‌സല്‍ വൈകിട്ട് അഞ്ച് മണിവരെയാണ്. രാജ്യത്തെ 116 ജില്ലകളില്‍ 259 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.
വാക്‌സിന്‍ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണില്‍ പരിശോധിക്കും. വാക്‌സിന്‍ വിതരണത്തില്‍ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. ഒരോ കുത്തിവെപ്പ് കേന്ദ്രത്തില്‍ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മോക്ക് വാക്‌സിന്‍ നല്‍കുന്നത്.
ഡ്രൈ റണിന്റെ നടപടി ക്രമങ്ങള്‍
- വാക്‌സിന്‍ വിതരണത്തിന് രാജ്യം സജ്ജമാണോയെന്ന് വിലയിരുത്താന്‍ ആണ് ഡ്രൈ റണ്‍
- കുത്തിവെപ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ആവിഷ്‌കരിക്കും
- വാക്‌സിന്‍ റീജിയണല്‍ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ എടുക്കും
- ഫ്രീസര്‍ യൂണിറ്റിലും ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകളിലും സൂക്ഷിച്ചിരിക്കുന്ന വാക്‌സിനുകള്‍ ഐസ് പാക്കുകള്‍ നിറച്ച വാക്‌സിന്‍ ക്യാരിയേഴ്‌സുകളിലേക്ക് മാറ്റും
- വലുതും ചെറുതുമായ കോള്‍ഡ് സ്റ്റോറേജ് ബോക്‌സുകളില്‍ ഇവ വാഹനങ്ങളില്‍ കയറ്റും
- 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവില്‍ ആണ് വാക്‌സിന്‍ സൂക്ഷിക്കുക
- ആശുപത്രികളില്‍ എത്തിക്കുന്ന വാക്‌സിന്‍ അവിടെ സജ്ജമാക്കിയിട്ടുള്ള കോള്‍ഡ് ബോക്‌സുകളിലേക്ക് മാറ്റും
- ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്, ഡ്രൈ റണ്ണില്‍ 25 ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കും
- ഇവരെ ആദ്യം കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരുത്തും
- പേരും മറ്റ് വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തും
- മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കും
- ഡോക്ടറുടെ സാന്നിധ്യത്തില്‍ വാക്‌സിന്‍ നല്‍കുന്നത് കാണിക്കും
- കുത്തിവെപ്പിന് ശേഷം പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ ഇവരെ അര മണിക്കൂര്‍ നിരീക്ഷിക്കും
- തളര്‍ച്ചയോ, ചൊറിച്ചിലോ, അലര്‍ജിയോ ഇല്ലെങ്കില്‍ തിരികെ വീട്ടിലേക്ക് അയക്കും