മസ്കറ്റ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ലംഘിക്കുന്നവര്‍ക്ക് ജനുവരി 1 മുതല്‍ 100 മുതല്‍ 2000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ഒമാന്‍ എന്‍വിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി പിഴ ചുമത്തും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നതിനുള്ള തീരുമാനം പുതുവര്‍ഷത്തില്‍ നടപ്പിലാക്കുമെന്ന് ഒമാന്‍ എന്‍വിറോണ്മെന്റ് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒമാനില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഷോപ്പിംഗ് ബാഗുകള്‍ നിരോധിക്കുന്നത്.
ഒമാനിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും, പ്രകൃതിക്കും, ജീവജാലങ്ങള്‍ക്കും ഒരു പോലെ ദോഷകരമായ മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനും ഈ തീരുമാനത്തിലൂടെ എന്‍വിറോണ്മെന്റ് അതോറിറ്റി ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണവും, മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം 114/ 2001ന്റെ ഭാഗമായാണ് ഒമാന്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും, സുസ്ഥിര വികസന മാതൃകകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ തീരുമാനത്തിലൂടെ കഴിയുമെന്ന് അതോറിറ്റി വ്യക്തമാക്കി.
പൊതുജനങ്ങളോട് പരിസ്ഥിതി സൗഹൃദ ബാഗുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഒമാന്‍ എന്‍വിറോണ്മെന്റ് അതോറിറ്റി ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ആഹ്വാനം ചെയ്തിരുന്നു.തുണി, കടലാസ് മുതലായ വസ്തുക്കളാല്‍ നിര്‍മ്മിച്ചിട്ടുള്ള ബാഗുകള്‍ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതോടൊപ്പം വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ സാധ്യമാകുന്നതിലൂടെ മാലിന്യത്തിന്റെ അളവും നിയന്ത്രിക്കാനാകുമെന്ന് അതോറിറ്റി നേരത്തെ ചൂണ്ടിക്കാട്ടി.