ഡല്‍ഹി: കേരളാ എഡ്യൂക്കേഷന്‍ സൊസൈറ്റി കാനിങ് റോഡ് യൂണിറ്റ് കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം രക്ഷിതാക്കളില്‍ നിന്ന് സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ചെലവിലേക്കായി സ്വരൂപിക്കുന്ന തുക പൂര്‍ണ്ണമായി ഒഴിവാക്കി. ഇത് പ്രകാരം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് കാലത്തുള്ള ഈ അദ്ധ്യായന വര്‍ഷത്തെ പഠനം പൂര്‍ണമായും സൗജന്യമാക്കി. ഡിസംബര്‍ 18 നു ചേര്‍ന്ന കേരളാ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ മാനേജിങ്ങ് കമ്മിറ്റിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കോവിഡ് പരിതസ്ഥിതിയില്‍ ജോലി നഷ്ടപെട്ടവരും, വരുമാനത്തില്‍ ഏറെ കുറവുള്ളവരുമായി ഒട്ടനവധി രക്ഷിതാക്കളുടെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനുള്ള ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച് കത്തിലൂടേയും, നേരിട്ടും സൊസൈറ്റി മാനേജ്‌മെന്റിനെ സമീപിക്കുന്ന കാര്യം ചെയര്‍മാന്‍ ബാബു പണിക്കരും സെക്രട്ടറി രവീന്ദ്രനാഥനും ചൂണ്ടികാട്ടി.
ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ തൊണ്ണൂറു ശതമാനം പേരും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിഭാഗത്തിലുള്ളവരാണ്. നല്ലൊരു വിഭാഗം കുട്ടികളും കേരളത്തില്‍ നിന്നാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. ഇന്‍ഗ്രൂപ്‌സ് എന്ന സോഫ്റ്റ്വെയര്‍ സംവിധാനം ഉപയോഗിച്ച് വളരെ ഉപയുക്തമായ രീതിയില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നു വരുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം സാമ്പത്തികമായ കാരണങ്ങളാല്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂള്‍ മാനേജ്മന്റ് ഇങ്ങനെ തീരുമാനിച്ചത്.


















