മസ്കറ്റ്: ഒരാഴ്ചത്തെ അടച്ചിടലിന് ശേഷം ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുന:രാരംഭിച്ചു. കര അതിര്‍ത്തികളും തുറമുഖങ്ങളും തുറന്നു. റദ്ദാക്കിയ ദിവസങ്ങളിലെ വിമാന ടിക്കറ്റുകള്‍ പല യാത്രക്കാര്‍ക്കും ഒമാന്‍ എയര്‍ അടക്കം വിമാന കമ്പനികള്‍ മറ്റു ദിവസങ്ങളിലേക്ക് മാറ്റി നല്‍കിയിട്ടുണ്ട്. ഒമാനിലേക്ക് വരുന്നവരുടെ കൈവശം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വിമാനത്താവളത്തിലും പി.സി.ആര്‍ പരിശോധനയുണ്ടാകും.
ഈ പരിശോധനക്ക് യാത്രക്ക് മുമ്പ് https://covid19.emushrif.om/traveler/travel എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും 25 റിയാല്‍ ഫീസ് അടക്കുകയും തറാസുദ് പ്ലസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയും വേണം. ഒരുമാസത്തെ കോവിഡ് ചികിത്സക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം തറാസുദ് പ്ലസ് ബ്രേസ്ലെറ്റ് ധരിക്കുകയും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. നേരത്തേ ഏഴ് ദിവസത്തില്‍ കുറവ് ഒമാനില്‍ തങ്ങുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തില്‍ അവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.