ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം തുടങ്ങി. ഫൈസര്‍ ബയോണ്‍ടെക്ക് കോവിഡ് വാക്സിനാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നത്. ശനിയാഴ്ചയാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വാക്സിന്‍ എത്തിയത്. വാക്സിന്‍ വിതരണം യൂറോപ്യന്‍ യൂണിയന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
‘കോവിഡിനെതിരായ വാക്സിന്‍ വിതരണം യൂറോപ്യന്‍ യൂണിയന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നുമുതല്‍ ആരംഭിക്കും. ഐക്യത്തിന്റെ ഹൃദയ സ്പര്‍ശിയായ നിമിഷമാണ് യൂറോപ്യന്‍ യൂണിയന്റെ വാക്സിനേഷന്‍ ദിവസങ്ങള്‍. മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാനുളള ഏകമാര്‍ഗം പ്രതിരോധ കുത്തിവെപ്പാണ്.’-ട്വീറ്റില്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ഞായറാഴ്ച വ്യക്തമാക്കി.