ന്യൂഡല്‍ഹി: 2020-ല്‍ ലോകം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ മറികടക്കാന്‍ രാജ്യത്തിന് സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെ മറികടക്കാന്‍ നടപ്പിലാക്കിയ ജനത കര്‍ഫ്യൂ ലോകം അംഗീകരിച്ചു. 2021 ല്‍ ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യയിലെ യുവാക്കളെ കാണുമ്പോള്‍ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവര്‍ക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ല’, മോദി പറഞ്ഞു.
2020-ല്‍ രാജ്യം പുതിയ കഴിവുകള്‍ സൃഷ്ടിച്ചെടുത്തു. അതിനെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന് വിളിക്കാമെന്നും മോദി പറഞ്ഞു. ‘കൊറോണ കാരണം, വിതരണ ശൃംഖല ലോകമെമ്പാടും തകരാറിലായെങ്കിലും ഓരോ പ്രതിസന്ധികളില്‍ നിന്നും നമ്മള്‍ പുതിയ പാഠങ്ങള്‍ പഠിച്ചു. രാഷ്ട്രം പുതിയ കഴിവുകളും വികസിപ്പിച്ചു. നമുക്ക് ഈ കഴിവിനെ ‘ആത്മനിര്‍ഭര്‍ ഭാരത്’ അല്ലെങ്കില്‍ സ്വാശ്രയത്വം എന്ന് വിളിക്കാം’, പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ഉത്പന്നങ്ങള്‍ ലോകോത്തര നിലവാരമുള്ളതാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് വ്യവസായ പ്രമുഖരോട് താന്‍ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി സംരക്ഷണത്തില്‍ ഇന്ത്യ മുന്നിലെത്തി. രാജ്യത്ത് കടുവയുടെയും പുലിയുടെയും എണ്ണം വര്‍ധിച്ചു. സഹജീവികളോട് മാത്രമല്ല സകല ചരാചരങ്ങളോടും കരുണ കാണിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക വിഷയങ്ങളില്‍ നിശബ്ദത പുലര്‍ത്തിയ പ്രധാനമന്ത്രി ഗുരു തേജ് ബഹദൂറിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഡല്‍ഹിയിലെ സിഖ് ഗുരുദ്വാര സന്ദര്‍ശിച്ചതും മന്‍ കീ ബാതില്‍ പറഞ്ഞു.