തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്ന വിഷയത്തില്‍ കേരള ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. സര്‍ക്കാരിന്റെ ഭാഗം ഗവര്‍ണറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വീണ്ടും കൂടിക്കാഴ്ച നടത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.
സഭാ സമ്മേളനം ചേരുന്ന വിഷയത്തില്‍ അനുകൂല തീരുമാനം വരുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വിഷയമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നലെയാണ് മന്ത്രി വിഎസ് സുനില്‍കുമാറും എകെ ബാലനും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ തള്ളിക്കൊണ്ടുള്ള പ്രമേയം പാസാക്കാനായി ഡിസംബര്‍ 23ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. ഇതിനു പിന്നാലെ ഡിസംബര്‍ 31ന് സഭ ചേരുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു.












