കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
അതേസമയം ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിലെ മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി. എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഹസ്സന്‍, കല്ലൂരാവി സ്വദേശി ആഷിര്‍, ഇസഹാക്ക് എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. കേസിലെ മുഖ്യപ്രതിയായ ഇര്‍ഷാദ് കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇര്‍ഷാദിനെ ഉടനെ പോലീസ് നിരീക്ഷണത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
പ്രതികള്‍ മൂന്നു പേരും കൃത്യത്തില്‍ പങ്കെടുത്തെന്ന് പോലീസ് പറഞ്ഞു. ഔഫിന്റെ ഒപ്പമുണ്ടായിരുന്ന ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്നുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്.കുത്തിയത് താനാണെന്ന് ഇര്‍ഷാദ് മൊഴി നല്‍കിയെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ മുണ്ടത്തോട് ബാവ നഗര്‍ റോഡിലുണ്ടായ സംഘര്‍ഷത്തിലാണ് ഔഫ് കൊല്ലപ്പെട്ടത്. ഹൃദയ ധമനിയില്‍ കുത്തേറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം. വേഗത്തില്‍ രക്തം വാര്‍ന്നത് മരണ കാരണമായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലൂരാവിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ സംഭവമെന്നാണ് പോലീസിന്റെ നിഗമനം.