മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് പത്ത് വര്‍ഷം. കേരള രാഷ്ട്രീയത്തില്‍ എണ്ണം പറഞ്ഞ നേതാക്കളുണ്ടെങ്കിലും ലീഡര്‍ എന്ന വാക്കിനര്‍ഹനായത് അദ്ദേഹം മാത്രമാണ്. ഒരു പതിറ്റാണ്ടിനിപ്പുറവും ലീഡറിനെ ജനം ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകള്‍ക്കും ഭരണ മികവിനും ലഭിക്കുന്ന അംഗീകാരമാണ്. കേരളത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ചിന്തയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
അദ്ദേഹം നാലു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ആദ്യതവണ 1977 മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള ഒരുമാസവും 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ച് വരെ രണ്ടാംതവണയും. പിന്നീട് 1982 മേയ് മുതല്‍ 1987 വരെയും 1991 ജൂണ്‍ മുതല്‍ 1995 ജൂണ്‍ വരെയുമാണത്. കൂടാതെ ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്.) രൂപീകരിക്കുകയും കേരളത്തില്‍ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ശക്തമായ മുന്നണിയാക്കി മാറ്റുകയും ചെയ്തു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനും കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും അംഗീകാരം നല്‍കുകയും അവ നടപ്പാക്കുകയും ചെയ്തു.