അഭയ കേസിലെ കോടതിവിധിയെ മാനിക്കുന്നുവെന്ന് കോട്ടയം അതിരൂപത. ആരോപണങ്ങള്‍ അവിശ്വസനീയമാണ്. അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. ഇത്തരം സാഹചര്യം ഉണ്ടായതില്‍ ദുഃഖിക്കുന്നുവെന്നും സഭ പറഞ്ഞു.
ഇന്നലെ, പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിനോട് പ്രതികരിക്കാന്‍ അതിരൂപത തയ്യാറായിരുന്നില്ല. കേസില്‍ കോട്ടയം അതിരുപത വൈദികനായ ഫാ. തോമസ് കോട്ടൂര്‍, അതിരൂപതയുടെ പയസ് ടെന്‍ത് കോണ്‍വെന്റിലെ സിസ്റ്റര്‍ സെഫി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അതിരൂപതയ്ക്ക് വേണ്ടി സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്ത് മഠത്തില്‍ ചേര്‍ന്ന സന്യാസിനി വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെടുമ്പോള്‍ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അഭയ.
ഫാ.കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. കൊലപാതകത്തിനും അതിക്രമിച്ചുകയറിയതിനുമാണിത്. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവുമാണ് ശിക്ഷ. ആറര ലക്ഷം രൂപ പിഴയൊടുക്കണം. സി.സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തവും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവുമാണ് തടവുശിക്ഷ. അഞ്ചര ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക ഇരുവരും പ്രത്യേകം അടയ്ക്കണം.