തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരിന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രാവിലെ 10.52നാണ് അന്ത്യം. 86 വയസായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്നലെ വൈകീട്ടോടെ ഹൃദയാഘമുണ്ടായി. തുടര്‍ന്ന് ഇന്ന് രാവിലെയോടെ ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശാന്തികവാടത്തില്‍ സംസ്‌ക്കാരം നടക്കും.
കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവമായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ സുഗതകുമാരി രംഗത്തെത്തിയിരുന്നു.
സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയായിരുന്നു. അഭയഗ്രാമം, അത്താണി, എന്നിങ്ങനെ സമൂഹത്തിന് തണലൊരുക്കിയ സ്ഥാപനങ്ങളുടെ അമരക്കാരിയായിരുന്ന സുഗതകുമാരി, തന്റെ സാമൂഹിക ഇടപെടലുകളിലൂടെ എന്നും പൊതുരംഗത്ത് സജിവമായിരുന്നു.
എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ആശാന്‍ പ്രൈസ്, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പ്രകൃതി സംരക്ഷണ യത്നങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങള്‍ ലഭിച്ച കവയത്രിയെ, 2006 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.