ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക് ഭാരത് ടിവിക്ക് 20,000 പൗണ്ട് പിഴ ചുമത്തി യു.കെ. വിദ്വേഷ പ്രചരണം, വ്യക്തികള്‍, ഗ്രൂപ്പുകള്‍, മതങ്ങള്‍, അല്ലെങ്കില്‍ കമ്മ്യൂണിറ്റികള്‍ എന്നിവരെ അധിക്ഷേപിക്കുന്ന അല്ലെങ്കില്‍ അവഹേളിക്കുന്ന പെരുമാറ്റം, നിന്ദ്യമായ ഭാഷ തുടങ്ങിയവ ചാനലിലൂടെ സംപ്രേഷണം ചെയ്തതിനാണ് പിഴ. ചാനലിലൂടെ മാപ്പ് പറയണമെന്നും ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റിയായ ഓഫ് കോം റിപ്പബ്ലിക്ക് ആവശ്യപ്പെട്ടു.
ഒരു വര്‍ഷം മുന്‍പ് സംപ്രേഷണം ചെയ്ത പരിപാടിയിലായിരുന്നു വിദ്വേഷ പരാമര്‍ശം ഉള്‍പ്പെട്ടിരുന്നത്. 2019 സെപ്റ്റംബര്‍ 6ന് പാക്കിസ്ഥാനി ജനതക്ക് നേരെ നടത്തിയ പരാമര്‍ശമാണ് റിപ്പബ്ലിക് ഭാരത് ടിവിക്ക് വിനയായത്. ‘പൂച്താ ഹെ ഭാരത്’ എന്ന പരിപാടിയില്‍ അര്‍ണബ് ഗോസ്വാമിയും, ചില അതിഥികളും പ്രക്ഷേപണ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ഓഫ് കോം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ബ്രോഡ്കാസ്റ്റിങ്ങ്, ടെലികമ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം. പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരുന്നുണ്ടെന്ന് ഭാരത് റിപ്പബ്ലിക്ക് ടിവിയെ ഓഫ് കോം നേരത്തെ അറിയിച്ചിരുന്നു. പരിപാടി യു.കെയില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് നിലവില്‍ വിലക്കുണ്ട്.