ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ പോരാടുന്ന കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി പരാതി. കര്‍ഷക പ്രക്ഷോഭം ലൈവായി കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കര്‍ഷക സംഘടനയായ കിസാന്‍ എക്ത മോര്‍ച്ചയുടെ പേജും ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. എഫ്.ബി കമ്യൂണിറ്റി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്നാരോപിച്ചാണ് നടപടി.
തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പേജുകള്‍ നീക്കം ചെയ്തത്. ഏഴ് ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് കുടപിടിക്കുന്ന നടപടി ഫേസ്ബുക്ക് സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
അതേസമയം കര്‍ഷക പ്രതിഷേധം 26-ാം ദിവസത്തിലേക്ക് കടന്നതോടെ കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര കൃഷി മന്ത്രാലയം 40 കര്‍ഷക സംഘടനകള്‍ക്കാണ് നോട്ടീസ് അയച്ചത്. ചര്‍ച്ചക്കുള്ള തിയതി നിശ്ചയിച്ച് അറിയിക്കാന്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിനാണ് കര്‍ഷക സമൂഹം.