റിയാദ്: സൗദിയിലെ റോഡുകളില്‍ സിഗ്നല്‍ നല്‍കാതെ ട്രാക്കുകള്‍ മാറുന്നതിന് ഏര്‍പ്പെടുത്തിയ പിഴ സംവിധാനത്തിന്റെ മൂന്നാംഘട്ടം ഇന്നുമുതല്‍ പ്രാബല്യത്തില്‍. നേരത്തെ പ്രധാന നഗരങ്ങളില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്.
മൂന്നാംഘട്ടത്തില്‍ മക്ക, മദീന, അസീര്‍, ഖുറയ്യാത്ത്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സംവിധാനം പ്രാബല്യത്തിലാവും. ട്രാഫിക് ലൈനുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതാണ് പദ്ധതി. റോഡുകളില്‍ പാലിക്കേണ്ട ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഇവയുടെ പ്രവര്‍ത്തനം.
റോഡുകളില്‍ സിഗ്നല്‍ ഉപയോഗിക്കാതെ ട്രാക്കുകള്‍ മാറുക, നിയമ വിരുദ്ധമായ മാര്‍ഗത്തില്‍ വാഹനം മറികടക്കുക, എക്സിറ്റുകളും എന്‍ട്രികളും നിരോധിച്ച ഇടങ്ങളില്‍ വാഹനം അതിക്രമിച്ച് കയറ്റുക എന്നിവ പിടികൂടി പിഴയിടുന്നതാണ് രീതി. ഇതിനകം സംവിധാനം നടപ്പിലാക്കിയ ഇടങ്ങളില്‍ നിരവധി പേര്‍ക്ക് പിഴ ലഭിച്ചു. മുന്നൂറ് മുതല്‍ അഞ്ഞൂറ് റിയാല്‍ വരെയാണ് പിഴ ചുമത്തുന്നത്.












