കൊച്ചി: നഗരത്തിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. രണ്ടു പേര്‍ക്കും പ്രായം 25ല്‍ താഴെയാണെന്നാണ് പോലീസ് നിഗമനം. മെട്രോ റെയില്‍ വഴിയാണ് രണ്ട് പ്രതികളും മാളിലെത്തിയത്. സംഭവത്തിന് ശേഷം ഇരുവരും മെട്രോയില്‍ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി. പ്രതികള്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി.
രണ്ട് ചെറുപ്പക്കാരും ഷോപ്പിംഗ് മാളിനുള്ളില്‍ കയറിയത് മൊബൈല്‍ ഫോണ്‍ നമ്പര്‍ സെക്യൂരിറ്റിക്ക് നല്‍കാതെയാണ്. മറ്റൊരാള്‍ക്കൊപ്പമെന്ന വ്യാജേനയാണ് ഇരുവരും മാളില്‍ പ്രവേശിച്ചത്. ആലുവ മുട്ടത്തേക്ക് ഇരുവരും മെട്രോയിലാണ് മടങ്ങിപ്പോയത്. മുട്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.
കേസില്‍ വനിതാ കമ്മീഷന്‍ നടിയില്‍ നിന്നും ഇന്ന് തെളിവെടുക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച നടിയുടെ അമ്മയുടെ മൊഴി പോലീസ് എടുത്തിരുന്നു.