തമിഴ് സീരിയല്‍ നടി വി.ജെ ചിത്ര ആത്മഹത്യ ചെയ്ത കേസില്‍ പ്രതിശ്രുത വരന്‍ ഹേംനാഥ് അറസ്റ്റില്‍. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. ചിത്രയുടെ അമ്മയും ഹേംനാഥും നല്‍കിയ മാനസിക സമര്‍ദ്ദമാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.കഴിഞ്ഞ ദിവസം അമ്മ വിജയയെ രണ്ട് മണിക്കൂറിലേറെ പോലീസ് ചെയ്തിരുന്നു. ചിത്രയുടെ സഹോദരിക്കൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്.
കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് നസ്രത്ത്‌പെട്ടിലെ ആഢംബര ഹോട്ടലില്‍ ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദമാണ് മരണത്തിന് കാരണമെന്ന് പോലീസ് അന്ന് തന്നെ വിലയിരുത്തിയിരുന്നു. മരണ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനും മുന്‍പും ഇത്തരം കാര്യങ്ങളില്‍ ഹേംനാഥ് ചിത്രയുമായി കലഹിച്ചിട്ടുണ്ട്.
വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും വീട്ടുകാര്‍ അറിയാതെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും അമ്മ വിവാഹം ഉപേക്ഷിക്കാന്‍ പറഞ്ഞതും നടിയെ സമര്‍ദത്തിലാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.