കണ്ണൂര്‍: പാണപ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കള്ളവോട്ടിന് ശ്രമം. മുര്‍ഫിദ് ആണ് അറസ്റ്റില്‍. ഇയാളെ പരിയാരം പോലീസാണ് കസ്റ്റഡിയിലെടുത്തത്.നാദാപുരത്ത് കള്ളവോട്ടിന് ശ്രമിച്ചയാള്‍ ഓടി രക്ഷപ്പെട്ടു. ലീഗ് പ്രവര്‍ത്തകനാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. പത്തൊമ്പതാം വാര്‍ഡിലെ രണ്ടാം ബൂത്തിലാണ് സംഭവം.
കള്ളവോട്ട് ശ്രമത്തില്‍ കണ്ണൂര്‍ ആലക്കാട് ലീഗ് പ്രവര്‍ത്തകന്‍ കെ മുഹമ്മദ് അറസ്റ്റിലായി. ചിറ്റാരിപ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനും പിടിയിലായി.
അതേസമയം, നാദാപുരത്ത് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. പൊലീസുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്തും തളളുമുണ്ടായി. രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ റൂറല്‍ എസ്.പി സ്ഥലത്തേക്ക് പുറപ്പെട്ടു. കീയൂര്‍ 6,7 വാര്‍ഡുകളിലെ നാലാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്.
അതേസമയം പോളിംഗിനിടെ വിവിധ ജില്ലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. കോഴിക്കോട് കൊടുവളളിയില്‍ എസ്.ഡി.പി.ഐ- എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നഗരസഭയിലെ 16,17,18 വാര്‍ഡുകളുടെ വോട്ടിംഗ് നടക്കുന്ന കരുവംപൊയില്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് മുന്നില്‍ വച്ച് സംഘര്‍ഷമുണ്ടായി. കോഴിക്കോട് നീലേശ്വരത്ത് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
മലപ്പുറത്ത് പെരുമ്ബടപ്പ് കോടത്തൂരില്‍ എല്‍.ഡി.എഫ്,യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായി. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുഹറ അഹമ്മദിന് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.
കണ്ണൂര്‍ ജില്ലയില്‍ പരിയാരത്ത് ബൂത്ത് ഏജന്റായ നാസറിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് പരാതിപ്പെട്ടു. താനൂര്‍ നഗരസഭയിലെ 16ആം വാര്‍ഡിലും സംഘര്‍ഷമുണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്‌മാന് സംഘര്‍ഷത്തിനിടെ പരിക്കേറ്റു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി എന്ന പേരിലാണ് സംഘഷമുണ്ടായത്.