ആലപ്പുഴ: പരിമിതമായ ജീവിത സാഹചര്യങ്ങള്‍ക്ക് നടുവില്‍ നിന്നും ഡോക്ടറാകാനുള്ള സ്വപ്നത്തിലേക്കുള്ള വഴി കഠിനാദ്ധ്വാനത്തിലൂടെ താണ്ടിയ ആലുപ്പുഴയിലെ സുകൃതിയുടെ മനസ് അറിഞ്ഞ് അധ്യാപകര്‍. പ്രളയകാലത്ത് നാടിനൊപ്പം നിന്ന് അക്ഷീണം പ്രയത്നിച്ച സഖാവ് എന്‍.എസ് ഓനക്കുട്ടന്റെ മകളാണ് സുകൃതി. സുകൃതി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നേടിയ തൃശൂര്‍ പൂങ്കുന്നത്തെ റിജു ആന്‍ഡ് പി. എസ്.കെ ക്ലാസ്സസ് എന്‍ട്രന്‍സ് പരിശീലന കേന്ദ്രമാണ് എംബിബിഎസ് പഠനത്തിനാവശ്യമായ ട്യൂഷന്‍ഫീസ് പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നത്.
ട്യൂഷന്‍ ഫീസിനായി ഒരുലക്ഷം രൂപയുടെ ചെക്ക് റിജു ആന്‍ഡ് പി.എസ്.കെ ക്ലാസ്സസ് ഡയറക്ടര്‍മാരായ പി.സുരേഷ് കുമാര്‍, അനില്‍കുമാര്‍ വി. റിജു ശങ്കര്‍ എന്നിവര്‍ ശനിയാഴ്ച സുകൃതിയ്ക്ക് വീട്ടിലെത്തി കൈമാറി. എന്‍ട്രസ് കടമ്പ താണ്ടാന്‍ കരുത്തേകിയ അദ്ധ്യാപകര്‍ തന്റെ തുടര്‍ന്നുള്ള ജീവിതത്തിലും കൈത്താങ്ങായ സന്തോഷം സുകൃതി പങ്കുവെച്ചു. ജീവിത്തിലെ കഷ്ടപ്പാടുകളെ അതിജീവിച്ച് ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡിലെ ഭാവനാലയമെന്ന ചെറിയ വീട്ടില്‍ നിന്ന് ഡോക്ടറാകാന്‍ മകള്‍ തയ്യാറെടുക്കുമ്പോള്‍ നാടാകെ ഒപ്പമുണ്ടെന്ന സന്തോഷത്തിലാണ് സഖാവ് ഓമനക്കുട്ടന്‍.
സുകൃതിക്ക് കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് മെറിറ്റില്‍ പ്രവേശനം ലഭിച്ചത്. അച്ഛന്‍ ഓമനക്കുട്ടനിലൂടെയാണ് സുകൃതിയും മലയാളിയ്ക്ക് ആകെ പ്രിയപ്പെട്ടവളായി മാറിയത്. സുകൃതിയെ നെഞ്ചേറ്റികൊണ്ട് അറിയാതെയെങ്കിലും ഓമക്കുട്ടനോട് കാട്ടിയ തെറ്റ് തിരുത്തുകയാണ് ഒരു ജനത ഇപ്പോള്‍. മെഡിക്കല്‍ പ്രവേശനം കിട്ടിയയതിന് പിന്നാലെ വിദൂരസ്ഥലങ്ങളില്‍ നിന്ന് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആളുകളുടെ അഭിനന്ദന പ്രവാഹമാണ് സുകൃതിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാദനായകനായി കടന്നുവന്ന് പിന്നീട് ജനകീയനായെന്ന അപൂര്‍വതയാണ് ഓമനക്കുട്ടനെ വ്യത്യസ്തനാക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് ചേര്‍ത്തല തെക്കുപഞ്ചായത്ത് ആറാംവാര്‍ഡ് പട്ടികജാതി, പട്ടിക വര്‍ഗ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതല ഓമനക്കുട്ടനായിരുന്നു. ക്യാമ്പിലെ ഭക്ഷ്യസാധനങ്ങള്‍ തീര്‍ന്നതോടെ ഓമനകുട്ടന്‍ മുന്‍കൈയ്യെടുത്ത് ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു. എന്നാല്‍ ഓട്ടോയ്ക്ക് കൊടുക്കാന്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ ക്യാമ്പിലുള്ളവരില്‍ നിന്ന് പണം പിരിച്ച് ഓട്ടോ കൂലി നല്‍കി. ഈ ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി പുറത്തുവിട്ടു.
ഇതോടെ ഓമനക്കുട്ടന്‍ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നു. പോലീസ് ഓമനക്കുട്ടനെതിരെ കേസെടുക്കുകയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനാണ് ഓമനക്കുട്ടന്‍ പിരിവ് നടത്തിയതെന്ന് വ്യക്തമാക്കികൊണ്ട് ക്യാമ്പിലുള്ളവര്‍ തന്നെ രംഗത്തെത്തി. മാധ്യമങ്ങള്‍ തെറ്റ് തിരുത്തുകയും ചെയ്യുകയും ചെയ്തു. ഇതോടെ പാര്‍ട്ടി സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ ഓമനക്കുട്ടനോട് മാപ്പ് പറയുകയും ചെയ്തു. പിന്നാലെയാണ് ഓമനക്കുട്ടന്‍ കേരളീയര്‍ക്ക് പ്രിയപ്പെട്ട സഖാവായത്അതിനാലാണ് സുകൃതിയുടെ നേട്ടം നാടൊന്നാകെ ആഘോഷിക്കുന്നതും.