തിരുവനന്തപുരം: അഴിമതിയില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെ നിലതെറ്റിയെന്ന് ചെന്നിത്തല. മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്. പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന നിലപാട് പദവി ദുരുപയോഗം ചെയ്യലാണ്. രക്തസാക്ഷി പരിവേഷം നേടാനാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ശ്രമം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ തിരിച്ചുവിളിക്കണമെന്ന പ്രസ്താവന തമാശയാണെന്ന് ചെന്നിത്തല പറഞ്ഞു.
സ്വപ്‌നയ്ക്കും സരിത്തിനും എതിരെ മാത്രം അന്വേഷണം മതിയെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. വമ്പന്മാര്‍ കുടുങ്ങുമെന്നായപ്പോള്‍ നിലവിളിക്കുകയാണ്. സി.എം രവീന്ദ്രനെ പിടിക്കുമെന്നായപ്പോള്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് വിറയല്‍. പതിവില്ലാത്ത നിലയില്‍ പൊട്ടിത്തെറിച്ചാണ് ഇന്നലെ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസാരിച്ചത്. എന്നാല്‍ ഈ ഏജന്‍സികളെയെല്ലാം നിയന്ത്രിക്കുന്ന നരേന്ദ്ര മോദിക്കെതിരായി ഒരു അക്ഷരം പറഞ്ഞില്ല. അമിത് ഷായ്ക്ക് എതിരായും ഒന്നും പറഞ്ഞില്ല. പ്രതിപക്ഷ നേതാവായ തന്നെ പുലഭ്യം പറഞ്ഞതിന്റെ ഒരു ശതമാനം എങ്കിലും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ പറയാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
കോവിഡ് വാക്‌സിന്‍ സൗജന്യമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.