ഡല്‍ഹി: കോവിഡ് പോരാട്ടത്തില്‍ രാജ്യത്തിന് ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം 15 കോടി കടന്നു. 9,22,959 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തില്‍ ഒരു കോടി പരിശോധനകള്‍ നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം15,07,59,726 ആയി. കഴിഞ്ഞ 11 ദിവസമായി തുടര്‍ച്ചയായി 40,000 ല്‍താഴെ മാത്രം പുതിയ രോഗികള്‍. കഴിഞ്ഞ അഞ്ച് ദിവസമായി അഞ്ഞൂറില്‍ താഴെയാണ് പ്രതിദിന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമഗ്രവും വിപുലവുമായ പരിശോധനാ സംവിധാനം ആണ് രാജ്യത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നത്. കഴിഞ്ഞ 11 ദിവസമായി തുടര്‍ച്ചയായി പുതിയ കേസുകളുടെ എണ്ണം നാല്‍പതിനായിരത്തില്‍ താഴെയാണ് എന്ന മറ്റൊരു നിര്‍ണായക നേട്ടവും ഇന്ത്യ കരസ്ഥമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 31,521 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതേ കാലയളവില്‍ 37,725 പേര്‍ രോഗ മുക്തരാവുകയും ചെയ്തു. ഇതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3,72,293 ആയി. ഇത് ആകെ കോവിഡ് രോഗികളുടെ 3.81 ശതമാനം മാത്രമാണ്.
രോഗമുക്തി നിരക്ക് 94.74 ശതമാനമായി വര്‍ധിച്ചു. ആകെ രോഗമുക്തര്‍ 92,53,306 ആണ്. രോഗമുക്തി നേടിയവരുടെയും ചികിത്സയില്‍ ഉള്ളവരുടെയും എണ്ണം തമ്മിലുള്ള അന്തരം8,881,013 ആയി. പുതുതായി രോഗമുക്തരായവരുടെ 77.30 % പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. കേരളത്തില്‍ 4647 പേരും ഡല്‍ഹിയില്‍ 4177 പേരും മഹാരാഷ്ട്രയില്‍ 5,051 പേരും രോഗമുക്തരായി.
പുതിയ രോഗബാധിതരുടെ 74.65% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍- 4981 പേര്‍. കേരളത്തില്‍ 4875 പേര്‍ക്കും പശ്ചിമബംഗാളില്‍ 2956 പേര്‍ക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 412 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 77.67% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 18.2 ശതമാനവും മഹാരാഷ്ട്രയിലാണ്-75 പേര്‍.ഡല്‍ഹിയില്‍ 50പേരും മരിച്ചു.കഴിഞ്ഞ 5 ദിവസമായി പ്രതിദിന മരണസംഖ്യ അഞ്ഞൂറില്‍ താഴെയാണ്.












