തിരുവനന്തപുരം: ആയുര്‍വേദ പോസ്റ്റ് ഗ്രാജുവേറ്റ്‌സിന് വിവിധതരം ശസ്ത്രക്രിയകള്‍ ചെയ്യാമെന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 11 ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കും. ഡിസംബര്‍ 11 ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 മണിവരെ കോവിഡ് രോഗികളുടെ ചികിത്സകള്‍, അത്യാഹിത – അടിയന്തിര സ്വഭാവമുള്ള സര്‍വീസുകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യന്റ് കെയര്‍, ഐസിയു കെയര്‍, തുടങ്ങിയ ജോലികള്‍ ഒഴികയുള്ള ജോലികള്‍ ബഹിഷ്‌കരിക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി അടിയന്തരവും കോവിഡും ഒഴികെയുള്ള ജോലി ബഹിഷ്‌കരണം ചെയ്യാന്‍ ഐഎംഎ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്
കേരളത്തിലെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ശക്തമായി പ്രതിക്ഷേധിക്കുന്നത്.
ആയുര്‍വേദ പോസ്റ്റ് ഗ്രാജുവേറ്റ്‌സിന് വിവിധ തരം ശസ്ത്രക്രിയകള്‍ ചെയ്യാമെന്ന് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ഉത്തരവ് ഇറക്കിയിരുന്നു. പുതിയതായി ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിലാണ് വിവിധ തരം ശാസ്ത്രക്രിയകള്‍ ഗ്രാജുവേറ്റ്‌സിന്റെ സിലബസ്സില്‍ ഉള്‍പ്പെടുത്തിയത്. നീതി അയോഗിന്റെ കീഴില്‍ പല വിധ സമിതികള്‍ ഉണ്ടാക്കി പല തരത്തിലുള്ള ചികിത്സാ രീതികള്‍ അശാസത്രീയമായി കൂട്ടിയിണക്കാനുള്ള ഒരു തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇതു മോഡേണ്‍ മെഡിസിന്റെ അടിത്തറ മാത്രമല്ല തനതായ ആയുഷ് ചികിത്സാ രീതികളുടെ അടിത്തറകൂടി നശിപ്പിക്കും.
കെജിഎംസിടിഎ എക്കാലത്തും വിവിധ തരം ചികിത്സാരീതികളെ ആശാസ്ത്രീയമായി ചേര്‍ത്ത് മിക്‌സോപ്പതി പ്രാക്റ്റീസ് ചെയ്യുന്നതിനെ എതിര്‍ത്തിരുന്നു. ശാസ്ത്രീയമായ ആധുനിക വൈദ്യശാസ്ത്രവും പ്രാചീനമായ മറ്റു ചികിത്സാരീതികളും കൂട്ടികലര്‍ത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തെ നിരന്തരം വിമര്‍ശിക്കുന്ന ചികിത്സാ വിഭാഗങ്ങള്‍ ഇപ്പോള്‍ ആധുനിക വൈദ്യശാസ്ത്രരീതികള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തുന്നത് തികച്ചും അത്ഭുതകരമാണെന്നും കെജിഎംസിടിഎ വ്യക്തമാക്കി.
മോഡേണ്‍ മെഡിസിനില്‍ 5 വര്‍ഷം പഠനത്തിന് പുറമെ ശസ്ത്രക്രിയയില്‍ മൂന്നു വര്‍ഷം പ്രത്യേക ഉപരിപഠനം നടത്തിയവരാണ് നിലവില്‍ ശസ്ത്രക്രിയ പ്രാക്ടീസ് ചെയ്യുന്നത്. ഈ അവസരത്തില്‍ ആയുഷ് വിഷയങ്ങള്‍ മാത്രം പഠിച്ചവര്‍ പിന്‍വാതലിലൂടെ ശസ്ത്രക്രിയ പഠിക്കുകയും നടത്തുകയും ചെയ്യുന്നത് പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
ഗ്രാമങ്ങളില്‍ ചികിത്സിക്കുവാനാണ് ഇത്തരം സംരംഭങ്ങള്‍ ഉണ്ടാക്കുന്നതെന്ന് പറയുമ്പോള്‍ തന്നെ ശസ്ത്രക്രിയ ശാസ്ത്രീയമായി പഠിക്കാത്ത മുറി ശസ്ത്രക്രിയ വിദഗ്ധരെ സൃഷ്ടിക്കുന്നത് പൊതുജനങ്ങള്‍ക്കു കൂടുതല്‍ പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാക്കു എന്ന് മനസ്സിലാക്കണമെന്നും അറിയിച്ചു. ശസ്ത്രക്രിയകള്‍ക്ക് വേണ്ട അനസ്‌തേഷ്യ, ബ്ലഡ് ബാങ്ക്, ആന്റിബിയോട്ടിക്‌സ്, മറ്റു മരുന്നുകള്‍ എന്നിവയില്‍ നിലവില്‍ യാതൊരു ട്രെയിനിങ്ങും ലഭിക്കാത്ത ചികിത്സാ വിഭാഗം എങ്ങനെ വിവിധ തരം ശസ്ത്രക്രിയകളുമായി മുന്നോട്ടു പോകുമെന്നും കെജിഎംസിടിഎ ചോദിച്ചു.
അതുപോലെ ഗ്രാമങ്ങളിലെ മനുഷ്യരെ ചികിത്സിക്കാന്‍ ഇതുപോലുള്ള അശാസ്ത്രീയ കുറുക്കുവഴികള്‍ തേടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഗ്രാമീണര്‍ക്ക് ക്വാളിറ്റി കുറഞ്ഞ ചികിത്സ ആയാലും മതി എന്ന് പരോക്ഷമായി പറയുകയാണ് ചെയ്യുന്നതെന്ന് കെജിഎംസിടിഎ പറഞ്ഞു.
ഇത് മനുഷ്യ സമത്വത്തിനും സാമാന്യ നീതിക്കും എതിരാണെന്നും ആയുഷ് വിദ്യാര്‍ത്ഥികളെ ശസ്ത്രക്രിയ ട്രെയിനിങ് നടത്താനുള്ള പദ്ധതിയെ കെജിഎംസിടിഎ സംസ്ഥാന സമിതി ശക്തമായി എതിര്‍ക്കുന്നുവെന്നും അറിയിച്ചു. രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാരെ പ്രതിഷേധത്തിലേക്ക് തള്ളിവിടാതെ കേന്ദ്രസര്‍ക്കാര്‍ ഉടനടി ഈ തീരുമാനം പിന്‍വലിക്കണമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.












