തിരുവനന്തപുരം: അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ വേട്ടയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും അതിന്റെ ഭാഗമായതായും പിണറായി പറഞ്ഞു. സിപിഎമ്മിന്റെ വെബ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ചുകൊണ്ടാണ് പിണറായി വിജയന്‍ പ്രസംഗിച്ചത്. സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ വന്‍ തോതില്‍ പണവും അന്വേഷണ ഏജന്‍സികളേയും ഉപയോഗിക്കുന്നു. പണം കൊടുത്ത് ജനപ്രതിനിധികളെ വിലക്കെടുക്കുന്ന അപഹാസ്യ നിലപാട് രാജ്യത്ത് പലേടത്തും ആവര്‍ത്തിക്കുന്നു.
എംഎല്‍എമാരെ വിലക്കെടുത്ത് കേരളത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ല. അങ്ങനെ ഒരു ജീര്‍ണ്ണ സംസ്‌കാരം കേരളത്തിലില്ല. അതുകൊണ്ടാണ രാഷ്ട്രീയ വേട്ടക്ക് അന്വേഷണ ഏജന്‍സികളെ ബിജെപി ഉപയോഗിക്കുന്നത്. അതിന് തപ്പു കൊട്ടി കോണ്‍ഗ്രസും ലീഗും കൂടെ നില്‍ക്കുന്നു. വര്‍ഗ്ഗീയതയോട് ഒരു വിട്ടുവീഴ്ചയും ഇല്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ എല്‍ഡിഎഫില്ല. നെഞ്ചു വിരിച്ച് നിന്ന് ഇത് പറയാന്‍ എല്‍ഡിഎഫിന് കഴിയും. എന്നാല്‍ യുഡിഎഫിനോ ? വടകര മോഡല്‍ മുന്നിലുണ്ട്. യുഡിഎഫും ബിജെപിയും പരസ്‌കരം സഹായിക്കുന്നു. വ്യാപകമായി പൊതു സ്വതന്ത്രര്‍ രംഗത്തുണ്ട്. ഇരു കൂട്ടരും ഇവര്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നു.
ജമാ അത്തെ ഇസ്ലാമിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനുള്ള തിരിച്ചടി ഈ തെരഞ്ഞെടുപ്പോടെ മുസ്ലീം ലീഗിന് കിട്ടും. നാല് വോട്ടിന് വേണ്ടി ഇവരുമായി സന്ധി ചെയ്ത കോണ്‍ഗ്രസിനും ലീഗിനും എതിരെ വികാരം പതഞ്ഞൊഴുകുകയാണ്. എല്ലാ പാര്‍ട്ടിയുടേയും എല്ലാ നേതാക്കളും പ്രചാരണ രംഗത്ത് ഉണ്ട്. യുഡിഎഫ് നേതാക്കള്‍ ആരെങ്കിലും ബിജെപിയെ നേരിയ തോതില്‍ എങ്കിലും വിനര്‍ശിക്കുന്നത് ആരെങ്കിലും കേട്ടോ? എന്തേ ബീജെപിക്ക് എതിരെ നാക്കു ചലിക്കാത്തത് ? അത്ര വലിയ ആത്മ ബന്ധം ഇവര്‍ക്കിടയിലുണ്ട്. സാധാരണ സാഹചര്യം അല്ലിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഏത് തെരഞ്ഞെടുപ്പിലും പ്രതിപക്ഷം നിലവിലുള്ള സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന പൊതു ചോദ്യമാണ് സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന്. ആരെങ്കിലും പ്രതിപക്ഷം ഇത്തരമൊരു ചോദ്യം ചോദിച്ചതായി കേട്ടോയെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫും ബിജെപിയും മാത്രമല്ല വലതുപക്ഷ മാധ്യമങ്ങളാരെങ്കിലും ഇത്തരം ഒരു ചോദ്യം ചോദിച്ചതായി കേട്ടോ? ഏറ്റവും ഒടുവില്‍ നാട് ദുരിതത്തിലായത് കൊവിഡ് വന്നപ്പോഴാണ്. കൊവിഡ് ദുരിത കാലത്തും കേരളം ഇന്ത്യക്കും ലോകത്തിനാകെയും മാതൃകയായിരുന്നു. പാവങ്ങളോടുള്ള പ്രതിബദ്ധതയാണ് നിറഞ്ഞൊഴുകിയത്. അതാണ് ഇടത് മുന്നണിയുടെ പ്രത്യേകത. സൗജന്യ ചികിത്സ മുതല്‍ റേഷനും ഭക്ഷ്യക്കിറ്റും സാമൂഹിക ക്ഷേമ പെന്‍ഷനും എല്ലാം എല്ലാവരുടേയും കൈകളിലെത്തി. ഇതെല്ലാം ജനങ്ങളുടെ അനുഭവമാണ്. അവരുടെ മുന്നില്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി സര്‍ക്കാര് എന്ത് ചെയ്‌തെന്ന് ചോദിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? വികസന രംഗത്ത് അഭൂതപൂര്‍വ്വമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. പശ്ചാത്തല സൗകര്യമൊരുക്കാന്‍ കിഫ്ബി , കേരളാ ബാങ്ക്, ഇതെല്ലാം കണ്ട് വിഭ്രാന്തിയിലായ യുഡിഎഫും ബിജെപിയും എന്തിനേയും എതിര്‍ക്കുകയാണ്.’-മുഖ്യമന്ത്രി പറഞ്ഞു.