തിരുവനന്തപുരം: ശ്രീലങ്കയില്‍ നാശം വിതച്ച് ആഞ്ഞടിക്കുന്ന ബുറെവി ചുഴലിക്കാറ്റിന്റെ ആശങ്കയിലാണ് കേരളം. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് രാത്രിയിലാണ് ശ്രീലങ്കന്‍ തീരം തൊട്ടത്. ഇന്ന് രാവിലെയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍ വഴി കന്യാകുമാരി തീരത്ത് എത്തുമെന്നാണ് പ്രവചനം. ശ്രീലങ്കയില്‍ ബുറെവി കനത്ത നാശനഷ്ടങ്ങളുണ്ടാക്കി.
തെക്കന്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും വ്യാഴാഴ്ച രാത്രിയോടെ തുടര്‍ച്ചയായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കനത്ത കാറ്റിന് ഒപ്പം അതിതീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുറെവി നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ 8 കമ്പനി എന്‍.ഡി.ആര്‍.എഫ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.












