കെ.അരവിന്ദ്
ഓഹരി വിപണിയില്‍ ചില വര്‍ഷങ്ങള്‍ കയറ്റത്തിന്റേതാവും, ചില വര്‍ഷങ്ങള്‍ ഇടിവിന്റേതാകും. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ വിപണി മികച്ച നേട്ടം നിക്ഷേപകര്‍ക്ക് വാര്‍ഷിക ശരാശരിയുടെ അടിസ്ഥാനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് കാണാം.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ളതാകണം ഇക്വിറ്റി ഫണ്ട് നിക്ഷേപം. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് വളരെ റിസ്‌കുള്ള രീതിയാണ്. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിശ്ചിത റിട്ടേണ്‍ ഏതാണ്ട് ഉറപ്പായ ഡെറ്റ് ഫണ്ടുകളിലാണ് നിക്ഷേപിക്കേണ്ടത്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുവരെ നിക്ഷേപം തുടരുകയും ഓഹരി വിപണിയെ കുറിച്ചുള്ള ഭയവും ആര്‍ത്തിയും ഒരുപോലെ ഒഴിവാക്കുകയും ചെയ്യുക.
ചാഞ്ചാട്ടങ്ങളെ നിക്ഷേപകര്‍ ഭയക്കേണ്ടതില്ല. ഓരോ മിനുട്ടിലും വിലവ്യതിയാനങ്ങളിലൂടെ കടന്നുപോകുന്ന വ്യാപാരമാണ് ഓഹരി വിപണിയില്‍ നടക്കുന്നത്. കയറ്റിറക്കങ്ങളില്‍ മനസാന്നിധ്യം നഷ്‌ടപ്പെട്ടാല്‍ നിക്ഷേപകന് നിക്ഷേപം തുടരുക പ്രയാസമാവും. അതുകൊണ്ടു തന്നെ ചാഞ്ചാട്ടങ്ങളെ സമചിത്തതയോടെ സമീപിക്കാനുള്ള സന്നദ്ധത വളരെ പ്രധാനമാണ്. ചാഞ്ചാട്ടങ്ങള്‍ സൃഷ്‌ടിക്കുന്ന മൂല്യവ്യതിയാനങ്ങളെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സമീപനത്തിലൂടെ വലിയ നേട്ടമാക്കുകയാണ് നിക്ഷേപകര്‍ ചെയ്യേണ്ടത്.
സാധാരണക്കാര്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം മ്യൂച്വല്‍ ഫണ്ടുകളാണ്. അതുതന്നെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി ചെയ്യുന്നതാണ് ഏറ്റവും നല്ലത്. പക്ഷേ എസ്.ഐ.പി ദീര്‍ഘകാല അടിസ്ഥാനത്തില്‍ തുടരുകയും ചാഞ്ചാട്ട വേളകളില്‍ എസ്.ഐ.പി നിക്ഷേപം മുടക്കാതിരിക്കുയും ചെയ്‌താല്‍ മാത്രമേ മികച്ച ഫലമുണ്ടാകൂ. ഉയര്‍ന്ന നേട്ടം ലഭ്യമാകണമെങ്കില്‍ നിക്ഷേപകര്‍ക്ക് ക്ഷമ കൂടിയേ തീരൂ. ഓഹരി നിക്ഷേപം ദീര്‍ഘകാലത്തേക്ക് തുടരാനുള്ള ക്ഷമ പ്രകടിപ്പിച്ചാല്‍ അതിനുള്ള ഗുണഫലം നമുക്ക് കൊയ്യാം.
ഓഹരി വിപണി ഇടിയുമ്പോള്‍ എസ്.ഐ.പി നിക്ഷേപം നിര്‍ത്തുന്നത് ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ വിള്ളല്‍ വീഴ്‌ത്തുമെന്നതു പോലെ തന്നെ വിപണി ഉയര്‍ന്ന നിലയിലെത്തുമ്പോള്‍ എസ്.ഐ.പി മുടക്കുകയോ നിക്ഷേപം നിര്‍ത്തി ലാഭമെടുക്കുകയോ ചെയ്യുന്നതും ദീര്‍ഘകാല ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കാവുന്നതാണ്. പത്ത് വര്‍ഷം പോലു ള്ള ദീര്‍ഘമായ കാലയളവിലേക്ക് നിക്ഷേപം നടത്തിയ ഒരാള്‍ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ലാഭമെടുത്ത് പിന്‍മാറുന്നത് പത്ത് വര്‍ഷത്തിനു ശേഷം കൈവരിക്കേണ്ട നിക്ഷേപ ലക്ഷ്യങ്ങള്‍ ശരിയായ രീതിയില്‍ നിറവേറ്റുന്നതിന് പ്രതിബന്ധമാകാം.
നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താന്‍ നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്വിറ്റി ഫണ്ടുകളില്‍ മാത്രമായി നിക്ഷേപം പരിമിതപ്പെടുത്തരുത്. റിസ്‌ക് ക്രമീകരിക്കാന്‍ ഡെറ്റ് ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള നിശ്ചിത വരുമാന പദ്ധതികള്‍ക്കും പോര്‍ട്‌ഫോളിയോയില്‍ പ്രാതിനിധ്യം നല്‍കണം.
ഇക്വിറ്റി ഫണ്ടുകളിലും വൈവിധ്യവല്‍ക്കരണം ആവശ്യമാണ്. ഇതിന് ഏറ്റവും അനുയോജ്യം മള്‍ട്ടികാപ് ഫണ്ടുകളാണ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ തട്ടുകളില്‍ പെടുന്ന ലാര്‍ജ്‌കാപ്പ് ഓഹരികളിലും മിഡ്‌കാപ്പ് ഓഹരികളിലും സ്‌മോള്‍ കാപ്പ് ഓഹരികളിലും ക്രമീകൃതമായി നിക്ഷേപം നടത്തുന്നവയാണ് മള്‍ട്ടികാപ് ഫണ്ടുകള്‍. ഈ വിവിധ വിഭാഗങ്ങളിലെ ഓഹരികള്‍ മികച്ച പ്രകടനം നടത്തുന്ന വ്യത്യസ്‌ത വിപണി കാലാവസ്ഥകളില്‍ അതിന്റെ ഗുണം നിക്ഷേപകര്‍ക്ക് നല്‍കുന്നതിന് മള്‍ട്ടികാപ് ഫണ്ടുകള്‍ക്ക് സാധിക്കുന്നു.
ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ഓഹരികള്‍ക്ക് എല്ലാ വിപണി കാലാവസ്ഥയിലും പ്രാമുഖ്യം നല്‍കുന്നതിനു പകരം വിപണിമൂല്യത്തില്‍ വിവിധ തലങ്ങളില്‍ നില്‍ക്കുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്ന മള്‍ട്ടികാപ് ഫണ്ടുകളിലൂടെ നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താന്‍ നിക്ഷേപകര്‍ക്ക് സാധിക്കുകയും ചെയ്യുന്നു.
അമിതമായ വൈവിധ്യവല്‍ക്കരണം നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാവുന്നതാണ്. രണ്ട് മുതല്‍ അഞ്ച് വരെ ഫണ്ടുകളിലായി നിക്ഷേപം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. മിഡ്‌കാപ്, സ്‌മോള്‍കാപ് ഫണ്ടുകളില്‍ അമിതമായി നിക്ഷേപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. പല നിക്ഷേപകരും മിഡ്‌കാപ്, സ്‌മോള്‍കാപ് ഫണ്ടുകളില്‍ മാത്രമായി നിക്ഷേപം നടത്തുന്നത് കാണാറുണ്ട്. വിപണി ഇടിയുമ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത് മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളില്‍ ഗണ്യമായി നിക്ഷേപിക്കുന്ന ഫണ്ടുകളാണ്.











