തിരുവനന്തപുരം: താമിഴ്‌നാട് തീരത്തെത്തുന്ന ബുവേറി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന്
വരുന്ന രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
അതിതീവ്ര മഴ കണക്കിലെടുത്ത് തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വോയറുകളിലും കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രത നിര്‍ദേശം നല്‍കി. തിരുവനന്തപുരം നെയ്യാര്‍ ഡാം, കൊല്ലം ജില്ലയിലെ കല്ലട റിസര്‍വോയര്‍, പത്തനംതിട്ടയിലെ കക്കി ഡാം തുടങ്ങിയ സ്ഥലങ്ങള്‍ക്കാണ് പ്രത്യേക നിര്‍ദേശം നല്‍കിയത്.
ഡാമുകളിലെയും റിസര്‍വോയറുകളിലെയും ജലനിരപ്പ് നിയന്ത്രിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ജല കമ്മീഷന്‍ വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം വ്യാഴാഴ്ച കന്യാകുമാരി തീരം തൊടുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രീലങ്കന്‍ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കന്യാകുമാരിക്ക് ആയിരം കിലോമീറ്റര്‍ അകലെയാണ് നിലവിലെ സ്ഥാനം. ഇത് തമിഴ്‌നാട് തീരത്തേക്ക് എത്തുമെന്നതാണ് കേരളത്തെ പ്രതിസന്ധിയിലാക്കുന്നത്.












