അബുദാബി: യുഎഇയില്‍ കാലാവധി കഴിഞ്ഞ താമസിക്കുന്നവരെയും അനധികൃതമായി രാജ്യത്തു തുടരുന്നവരെയും ജോലിക്ക് വെക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി . ഇതു സംബന്ധിച്ച് വ്യാപക ബോധവല്‍ക്കരണത്തിന് ദ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പ്രചാരണം ആരംഭിച്ചു. ഇങ്ങനെ അനധികൃത താമസക്കാരെ ജോലിക്കെടുത്താല്‍ കുറഞ്ഞത് 50,000 മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. താമസ നിയമങ്ങള്‍ ലംഘിക്കുന്നതിന് ഒരുലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
താമസ നിയമങ്ങള്‍ ലംഘിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്ന് ദുബായ് പൊലീസും ചൂണ്ടിക്കാട്ടി. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് ദുബായില്‍ ഇതിനെതിരെ വ്യാപക റെയ്ഡ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ 31 വരെയാണ് വീസ കാലാവധി കഴിഞ്ഞവര്‍ക്കും മറ്റ് അനധികൃത താമസക്കാര്‍ക്കും മാപ്പ് നേടി രാജ്യം വിടാനുള്ള സമയപരിധി.തൊഴില്‍ തര്‍ക്കമുള്ളവര്‍ക്കു പരാതിപ്പെടാന്‍ 80060 എന്ന നമ്പറില്‍ അധികൃതരെ വിളിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇതില്‍ 20 ഭാഷകളില്‍ സംസാരിക്കാനാകും. അനധികൃത താമസക്കാരെക്കുറിച്ചും ഇതില്‍ വിവരം നല്‍കാം.