മുംബൈ: വോഗ് മാഗസീനിന്റെ ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക്. ദുല്‍ഖര്‍ സല്‍മാനാണ് പ്രഖ്യാപനം നടത്തിയത്. തനിക്ക് ലഭിച്ച പുരസ്‌കാരം ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ള തന്റെ ടീമിന് സമര്‍പ്പിക്കുന്നതായി മന്ത്രി പറഞ്ഞു.
കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചറെന്ന് ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയെ അതിജീവിക്കുന്നതില്‍ മുന്നില്‍ നിന്ന് പോരാടിയ നേതാവാണ് ടീച്ചര്‍. രണ്ടു വര്‍ഷം മുമ്പ് നിപ വൈറസ് പടര്‍ന്നപ്പോഴും അതിജീവനത്തിന്റെ മാതൃക കാണിച്ചത് ശൈലജ ടീച്ചര്‍ ആയിരുന്നു. ഏറെ അഭിമാനത്തോടെയാണ് ഈ പുരസ്‌കാരം പ്രഖ്യാപിക്കുന്നതെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
അതേസമയം വോഗ് ഇന്ത്യ വാരിയര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടവരില്‍ നഴ്‌സ് ആയ രേഷ്മ മോഹന്‍ദാസും ഉള്‍പ്പെടുന്നു. ഡോ കമല റാം മോഹന്‍, പൈലറ്റ് സ്വാതി റാവല്‍, കോവിഡ് കാലത്ത് ഫേസ് ഷീല്‍ഡും മാസ്‌കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഭുമി പെഡ്‌നേകര്‍ ആയിരുന്നു വോഗ് വാരിയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.











