തിരുവനന്തപുരം: കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാടോടികളെയും അന്യസംസ്ഥാന തൊഴിലാളികളെയും നിരീക്ഷിക്കുന്നതിന് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതായി സംസ്ഥാന പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇത് സംബന്ധിച്ച് ക്യത്യമായ വിവരശേഖരണം നടത്തി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുട്ടികളെ കാണാതാകുന്നത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ സത്വര നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കൊല്ലം പള്ളിമണ്ണില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരി ദേവനന്ദയെ പള്ളിമണ്‍ ആറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.