ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി കര്‍ഷകര്‍ മുന്നോട്ടു പോകുമ്പോള്‍ ഡല്‍ഹി ചലോ മാര്‍ച്ചിനെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാക്കി പോലീസ്.
പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് പോലീസ്.
അതേസമയം മാര്‍ച്ചിന്റെ രണ്ടാം ദിവസമായ ഇന്നും സംഘര്‍ഷം ഉണ്ടായി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് കര്‍ഷകരെ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ സിംഗുവിലും കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. അതിര്‍ത്തിയില്‍ വൈകുന്നേരത്തോടെ 50,000ത്തിലധികം കര്‍ഷകര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസ്താവനയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.