തിരുവനന്തപുരം: കായിക ലോകത്തെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയ ഫുട്‌ബോള്‍ താരം ഡിയാഗോ മറഡോണയ്ക്ക് അനുശോചനം അറിയിച്ച് കായിക മന്ത്രി ഇ.പി ജയരാജന്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം മറഡോണയെ അനുസ്മരിച്ചത്.
നിരവധി തലമുറകളെ കാല്‍പ്പന്തിന്റെ ലഹരിയിലേക്ക് കൈപിടിച്ച് നടത്തിയ അതുല്യ പ്രതിഭയായിരുന്നുവെന്നും വിവാദങ്ങള്‍ എന്നും ആ മനുഷ്യന്റെ കൂടപ്പിരപ്പായിരുന്നുവെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഏതു വിഷയത്തിലും അഭിപ്രായം പറയാന്‍ മറഡോണ മടികാണിച്ചില്ലെന്നും ഇ.പി ജയരാജന്‍ അനുസ്മരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഫുട്‌ബോളിലെ ഇതിഹാസ താരം ഡിയാഗോ മറഡോണയുടെ അപ്രതീക്ഷിത വേര്‍പാട് അത്യന്തം വേദനിപ്പിക്കുന്നതാണ്. നിരവധി തലമുറകളെ കാല്‍പ്പന്തിന്റെ ലഹരിയിലേക്ക് കൈപിടിച്ച് നടത്തിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ഫുട്‌ബോള്‍ കൊണ്ട് കളിയാസ്വാദകരെ ഒരു മാന്ത്രികലോകത്തേക്കാണ് മറഡോണ കൊണ്ടുപോയത്. അര്‍ജന്റീനയിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ച മറഡോണ കളിക്കളത്തിലെ മികവ് കൊണ്ട് ലോകം തന്നെ കീഴടക്കി. ജീവിതം മുഴുവന്‍ ഫുട്‌ബോളിനായി സമര്‍പ്പിച്ച അദ്ദേഹത്തിന് അതില്‍നിന്ന് മാറി നടക്കാന്‍ ഒരിക്കലും സാധിച്ചിരുന്നില്ല. 1986 ലെ മെക്‌സികോ ലോകകപ്പില്‍ തന്റെ അസാമാന്യ വൈഭവം കൊണ്ട് അര്‍ജ്ന്റീന എന്ന രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്തു. ദൈവത്തിന്റെ കൈ എന്നറിയപ്പെട്ട ഗോളും നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളും അദ്ദേഹം നേടിയ ലോകകപ്പ് എന്ന ഖ്യാതിയും മെക്‌സികോ ലോകകപ്പിനുണ്ട്.
കളിമികവിന്റെ കാര്യത്തില്‍ ഫുട്‌ബോള്‍ രാജാവ് പെലെക്കൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ ആ കുറിയ മനുഷ്യന് മാത്രമേ സാധിച്ചിട്ടുള്ളൂ. ലോകഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞത് മറഡോണയുടെ പ്രകടനങ്ങളിലൂടെയാണ്. ഈ ആരാധനയുടെ തീവ്രരൂപം ലോകകപ്പ് ഫുട്‌ബോള്‍ നടക്കുമ്പോള്‍ കേരളത്തിലെ നഗരഗ്രാമങ്ങളില്‍ നമ്മള്‍ കാണുന്നതാണ്. കേരളത്തില്‍ ഏറ്റവും കുടുതല്‍ ആരാധകരുള്ള ടീമായി അര്‍ജന്റീന മാറാനുള്ള കാരണം മറഡോണയാണ്. ഡ്രിബ്ലിങ്ങിലും ഫിനിഷിങ്ങിലും അദ്ദേഹത്തിന്റെ പാടവത്തിന് സമാനതകളില്ല. കളിക്കളത്തില്‍ എല്ലാ അര്‍ത്ഥത്തിലും കിടയറ്റ നായകനുമായിരുന്നു.
ലേകോത്തര താരം എന്ന പദവി അലങ്കരിക്കുമ്പോഴും സാധാരണക്കാരനെ പോലെ നിലകൊള്ളാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏതു വിഷയത്തിലും അഭിപ്രായം പറയാന്‍ മടികാണിച്ചില്ല. രാഷ്ട്രീയ വിഷയങ്ങളിലും ആ തീവ്ര പ്രതികരണങ്ങള്‍ പലവട്ടം നമ്മള്‍ കേട്ടതാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ മറഡോണയുടെ പ്രതികരണങ്ങള്‍ക്ക് എന്നും മഹത്തായ ആശയത്തിന്റെ ഉള്‍ക്കരുത്തുണ്ടായിരുന്നു. ക്യൂബയുമായും ഫിദല്‍ കാസ്‌ട്രോയുമായും നല്ല അടുപ്പമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.കാസ്‌ട്രോയുടെ ചരമദിനത്തില്‍ തന്നെ മറഡോണയും വിട പറഞ്ഞത് അസാധാരണ യാദൃശ്ചികതയായി. പലപ്പോഴും ചെയ്യാത്ത തെറ്റുകള്‍ക്ക് മറഡോണ ക്രൂശിക്കപ്പെട്ടതായി പറയുന്നു. അത് കാലം തെളിയിക്കേണ്ടതാണ്.
വിവാദങ്ങള്‍ എന്നും ആ മനുഷ്യന്റെ കൂടപ്പിറപ്പായിരുന്നു. ഇറ്റാലിയന്‍ ലീഗിലെ മികവിനൊപ്പം ജീവിതത്തിലെ വലിയ തിരിച്ചടികളും അവിടെ നിന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പരിശീലകനായി ഫുട്‌ബോള്‍ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് അദ്ദേഹത്തിന് സാധിച്ചു. അര്‍ജന്റീനയുടെ പരിശീലകനായെങ്കിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ല. ഏതാനും വര്‍ഷം മുന്പ് കണ്ണൂരില്‍ എത്തിയ മറഡോണയ്ക്ക് വലിയ വരവേല്‍പ്പാണ് മലയാളികള്‍ നല്‍കിയിത്. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറ്റവും വേദനിപ്പിക്കുന്ന വാര്‍ത്തയാണ് മറഡോണയുടെ വേര്‍പാട്. ഈ നഷ്ടം വാക്കുകളില്‍ ഒതുക്കാനാകില്ല. മറഡോണയെന്ന ഇതിഹാസത്തിനും ആ കളിമികവിനും ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ ഒരിക്കലും മരണമില്ല. ആദരാഞ്ജലികള്‍.
https://www.facebook.com/epjayarajanonline/posts/1350464651963815?__tn__=%2CO*F