കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിസ്താര നടപടികള്‍ ഇന്ന് വീണ്ടും തുടങ്ങും. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനാല്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ തന്നെയാകും വിസ്താര നടപടികള്‍ നടക്കുക. എന്നാല്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
പുതുതായി വിസ്തരിക്കേണ്ടവര്‍ക്ക് നോട്ടീസ് അയക്കുന്ന നടപടികളാണ് ഇന്ന് ആരംഭിക്കുക. ഇന്നു തന്നെ നടപടികള്‍ പുനരാരംഭിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. അതേസമയം, കേസിനായി സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും വിചാരണ കോടതി മുന്‍പാകെ ഹാജരാകുന്നതിന് വിമുഖത അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.
വിചാരണ കോടതി പക്ഷപേതം കാണിക്കുന്നെന്നും തെളിവുകള്‍ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു.