ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ പേരറിവാളനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി. ‘സുപ്രീംകോടതി വിധി മാനിച്ചും അര്‍പ്പുതമ്മാളിന്റെ 29 വര്‍ഷത്തെ നീണ്ട നിയമപോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടിയും കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ എന്നും വിജയ് സേതുപതി ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ആവശ്യപ്പെട്ടു.
പേരറിവാളന്റെ ജയില്‍മോചനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. പേരറിവാളന് കേസില്‍ നേരിട്ട് പങ്കില്ലെന്ന് തെളിഞ്ഞിരുന്നു.
പേരറിവാളനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകരായ ഭാരതിരാജ, വെട്രിമാരന്‍, അമീന്‍, പാ രഞ്ജിത്, പൊന്‍വണ്ണന്‍, മിഷ്‌കിന്‍, നടന്‍മാരായ സത്യരാജ്, പ്രകാശ് രാജ് എന്നിവരും ആവശ്യപ്പെട്ടിരുന്നു. ‘ കുറ്റം ചെയ്യാതെ 30 വര്‍ഷം ജയിലില്‍, തമിഴ്‌നാട് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും അപേക്ഷിക്കുന്നു, അവര്‍ക്ക് നീതി നല്‍കണം’-എന്നാണ് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞത്.