കൊച്ചി: അമ്മ സംഘടനയില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ച നടപടി സംഘടന അംഗീകരിച്ചു. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. നടി ഭാവനയെക്കുറിച്ച് സംഘടനാ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍വതി രാജിവച്ചത്.
ഒരു മലയാളം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശം. ട്വന്റി-ട്വന്റി സിനിമയ്ക്ക് ശേഷം അമ്മ സംഘടനയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന്, നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല, മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോയെന്നുമായിരുന്നു ഇടവേള ബാബുവിന്റെ മറുപടി. ഇതില്‍ പ്രതിഷേധം അറിയിച്ച് ഒക്ടോബര്‍ 12 നാണ് നടി പാര്‍വതി സംഘടനയില്‍നിന്ന് രാജിവച്ചത്.


















