മുംബൈ: ഇന്നലത്തെ ഇടിവിനു ശേഷം വീണ്ടും ഓഹരി വിപണി തിരികെ കയറി. സെന്‍സെക്‌സ് 282 പോയിന്റും നിഫ്‌റ്റി 87 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 12,850ന് മുകളില്‍ ക്ലോസ് ചെയ്‌തു.
സെന്‍സെക്‌സ് 43,882 പോയിന്റിലും നിഫ്‌റ്റി 12,859 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റിയില്‍ 250 പോയിന്റിലേറെ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,730 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,892 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്.
ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത് ഐടി, എഫ്‌എംസിജി, ബാങ്ക് ഓഹരികളാണ്. നിഫ്‌റ്റി ബാങ്ക് സൂചിക 1.15 ശതമാനവും നിഫ്‌റ്റി എഫ്‌എംസിജി സൂചിക 1.19 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 1.40 ശതമാനവും ഉയര്‍ന്നു.
ബജാജ് ഫിന്‍സെര്‍വ്, ടൈറ്റാന്‍, ഗെയില്‍, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി ഓഹരികള്‍. ബജാജ് ഫിന്‍സെര്‍വ് 9.27 ശതമാനം ഉയര്‍ന്നു. ടൈറ്റാന്‍, ഗെയില്‍, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 33 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 17 ഓഹരികളാണ് നഷ്‌ടത്തിലായത്. റിലയന്‍സ്, അദാനി പോര്‍ട്‌സ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്‌ടം നേരിട്ടു. റിലയന്‍സ് 3.66 ശതമാനം ഇടിവ് രേഖപ്പെടുത്തി.











