കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പി.എ പ്രദീപ് കുമാര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ദിലീപിന് അനുകൂലമായി മൊഴിനല്‍കിയാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും എതിരായാല്‍ ജീവന്‍ വരെ അപകടത്തിലാകും എന്ന തരത്തിലാണ് മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ പ്രദീപ് ഭീഷണിപ്പെടുത്തിയത്. വിപിന്‍ലാലിന്റെ നാടായ ബേക്കലില്‍ എത്തിയ പ്രദീപ് അമ്മയെയും അമ്മാവനെയും കൊണ്ട് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വിപിന്‍ പരാതിയില്‍ പറയുന്നത്.
ഇതിനായി പ്രദീപ് വിപിന്‍ലാലിന്റെ അമ്മാവന്റെ ജ്വല്ലറിയില്‍ പോയിരുന്നു. ജ്വല്ലറിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഭീഷണിപ്പെടുത്തിയ വ്യക്തി കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറിയാണെന്ന് കണ്ടെത്തിയത്.