കൊച്ചി: തിരക്കേറിയ ദേശീയപാതയിലൊന്നായ പാലാരിവട്ടം ജംഗഷനിലെ തിരക്ക് ഒഴിവാക്കാനായാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാലാരവിട്ടം പാലം നിര്‍മ്മിക്കുന്നത്. 39 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച പാലത്തിലെ ടാറിംഗ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ പൊളിഞ്ഞതോടെയാണ് പാലം നിര്‍മ്മാണത്തിലെ അഴിമതി ചര്‍ച്ചയായതും കേസായതും. വലിയ കുംഭകോണം പുറത്തുവന്നതും.
പാലാരിവട്ടം പാലം അഴിമതി ഒറ്റനോട്ടത്തില്‍:
കേസിലെ നിലവിലെ പ്രതികള്‍
1. നിര്‍മ്മാണ കമ്പനിയായ ആര്‍ഡിഎസ് എംഡി സമുതി ഗോയല്‍
2 .കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍
3. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ ആഡീഷണല്‍ മാനേജര്‍ എം.ടി.തങ്കച്ചന്‍
4. പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ്
5. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്
കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയിട്ടുണ്ട്. പാലത്തിന്റെ രൂപ രേഖയിലെ പ്രശ്‌നം, നിര്‍മ്മാണത്തിലെ പിഴവ്, കോണ്‍ക്രീറ്റിന് നിലവാരമില്ലായ്മ എന്നിവയാണ് പ്രധാന തകരാറുകളായി വിജിലന്‍സ് കണ്ടെത്തിയത്.
പൊതുമരാമത്ത് സെക്രട്ടറിയായ ടി.ഒ.സൂരജ് കരാറുകാരന് 8.25 കോടി രൂപയുടെ ഫണ്ട് നല്‍കിയത് അധികാര ദുര്‍വിനിയോഗമെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയുടെ ശുപാര്‍ശ മൂലമാണ് പണം നല്‍കിയതെന്ന് സൂരജ് വിജിലന്‍സിനും കോടതിക്കും മൊഴി നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയ നേതൃത്വത്തിന് അഴിമതിയില്‍ പങ്കെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞും പ്രതിയെന്ന് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പണം കൈമറിയത് സംബന്ധിച്ച് മൊഴികളും വിജിലന്‍സ് ശേഖരിച്ചു.
പാലം നിര്‍മ്മാണം – റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍
കണ്‍സള്‍ട്ടന്‍സി – കിറ്റ്‌കോ
ഡിസൈന്‍ – നാഗേഷ് കണ്‍സള്‍ട്ടന്‍സി
നിര്‍മ്മാണ കരാര്‍ – ആര്‍ഡിഎസ് കണ്‍സ്ട്രക്ഷന്‍സ്
നിര്‍മ്മാണം തുടങ്ങിയത് – 2014-ല്‍
*നിര്‍മ്മാണം 2016 ഒക്ടോബറില്‍ പൂര്‍ത്തിയായി.
2017-ല്‍ പാലത്തിലെ ടാറിംഗ് പൊളിഞ്ഞു
ടാറിംഗ് പൊളിഞ്ഞത് വിവാദമായതോടെ ദേശീയ പാത അതോറിറ്റി പാലം നിര്‍മ്മാണത്തെക്കുറിച്ച് പഠിക്കാന്‍ സ്വകാര്യ ഏജന്‍സിയെ നിയമിച്ചു. പാലം നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് സ്വകാര്യ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കി.
പിന്നീട് മദ്രാസ് ഐഐടിയെ പാലത്തിന്റെ ഗുണനിലവാരം പഠിക്കാന്‍ നിയോഗിച്ചു. പാലം നിര്‍മ്മാണത്തില്‍ വീഴ്ചയെന്നും പാലം അടച്ചിടണമെന്നും ഐഐടി ശുപാര്‍ശ ചെയ്തു. ഡിസൈന്‍ മുതല്‍ മേല്‍ നോട്ടം വരെ എല്ലാ രംഗത്തും വീഴ്ചയെന്ന് ഐഐടി റിപ്പോര്‍ട്ട്
പാലം നിര്‍മ്മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരമില്ലാത്തതാണെന്നും ഡെക്ക് കണ്ടിന്യൂവിറ്റി ശൈലിയിലുള്ള നിര്‍മ്മാണം സാങ്കേതിക പഠനമില്ലാതെയാണ് നടത്തിയതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടാവസ്ഥയിലാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് 2019 മെയ് 1 ന് പാലം അടച്ചു
2019 മെയ് 3- വിജിലന്‍സ് അന്വേഷണം തുടങ്ങി, എഫ്‌ഐ ആര്‍ കോടതിയില്‍
2019 ജൂണ്‍ 13 ന് പാലത്തെക്കുറിച്ച് പഠിക്കാന്‍ ഇ ശ്രീധരനെ ചുമതലപ്പെടുത്തി
2019 ജൂലൈ 4 ന് ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കി – പാലത്തിന് നിര്‍മ്മാണ പിഴവ്, ഘടനാപരവും സാങ്കേതികവുമായ മാറ്റം വേണമെന്ന് ശുപാര്‍ശ
97 ഗര്‍ഡറുകളില്‍ വിള്ളല്‍, 17 സ്പാനുകള്‍ മാറ്റണമെന്നും ശ്രീധരന്റെ റിപ്പോര്‍ട്ട്
മാര്‍ച്ച് 9 ,2020 – ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ്