തിരുവനന്തപുരം: നവംബര്‍ 2 മുതല്‍ നവംബര്‍ 19 വരെ സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ) ആരംഭിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പ്രത്യേക ഡ്രൈവ് നടത്തുന്നു. പെണ്‍കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ട് ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയുള്ള സേവിംഗ് സ്‌കീംമാണ് എസ്എസ്എ. നികുതി ആനുകൂല്യങ്ങളോടൊപ്പം ഈ പദ്ധതി നിലവില്‍ 7.6% (2020 ഏപ്രില്‍- ഡിസംബര്‍ 2020 പാദത്തില്‍) പലിശനിരക്ക് നല്‍കുന്നു. ഏത് പോസ്റ്റ് ഓഫീസിലും അക്കൗണ്ട് തുറക്കാന്‍ കഴിയും.
ഒരു പെണ്‍കുട്ടിയുടെ ജനനത്തിനും 10 വയസ്സ് തികയുന്നത്തിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും രക്ഷകര്‍ത്താവിനോ / രക്ഷിതാവിനോ അക്കൗണ്ട് തുറക്കാന്‍ കഴിയും. തുടക്കത്തില്‍ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. 100 രൂപയുടെ ഗുണിതങ്ങളിലുള്ള ഏത് തുകയും (പരമാവധി പരിധി 1,50,000 രൂപയാണ് ) പിന്നീട് നിക്ഷേപിക്കാം. 18 വയസ്സ് തികയുമ്പോള്‍ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 50% വരെ പിന്‍വലിക്കാന്‍ അക്കൗണ്ട് അനുവദിക്കുന്നു. അക്കൗണ്ട് ആരംഭിച്ച തീയതി മുതല്‍ 21 വര്‍ഷം വരെയാണ് കാലാവധി. അക്കൗണ്ട് തുറക്കുന്ന തീയതി മുതല്‍ 15 വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ അക്കൗണ്ടില്‍ നിക്ഷേപം നടത്താം. പെണ്‍കുട്ടി 18 വയസ്സിന് മുകളിലും വിവാഹിതയും ആണെങ്കില്‍ സാധാരണ അടയ്ക്കല്‍ അനുവദനീയമാണ്.
തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന് കീഴിലുള്ള 77 തപാല്‍ ഓഫീസുകളിലും 119 ബ്രാഞ്ച് ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. ഈ ഡ്രൈവ് കാലയളവില്‍ പൊതുജനങ്ങള്‍ക്കായി അക്കൗണ്ടുകള്‍ സുഗമമായി തുറക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.