ന്യൂഡല്‍ഹി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉത്തര്‍പ്രദേശില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യം നല്‍കാന്‍ സുപ്രീംകോടതി തന്നെ ഇടപെടണമെന്നാണ് ആവശ്യം.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിക്കുക. കാപ്പനെ കാണാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളെ അനുവദിക്കുക, അഭിഭാഷകന് കാണാന്‍ അനുമതി നല്‍കുക, കുടുംബത്തെ കാണാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയന്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഹത്രാസില്‍ 20 കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് കാപ്പന്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ യു.പി പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പനെതിരെ യുഎപിഎ അടക്കമുള്ള കേസുകള്‍ ചുമത്തിയിട്ടുണ്ട്.