തിരുവനന്തപുരം: സിഎജി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ നീക്കം. വിഷയത്തില്‍ രാഷ്ട്രപതിക്കടക്കം പാരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
കിഫ്ബിയെ തകര്‍ക്കാന്‍ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിയമസഭയില്‍ വെക്കാത്ത കരട് പുറത്തുവിട്ട നടപടി ഗുരുതര ചട്ടലംഘനമാണെന്നും ധനമന്ത്രി തോമസ് ഐസക് നിയമങ്ങളും സത്യപ്രതിജ്ഞയും ലംഘിച്ചെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം.
ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാതെ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയ മന്ത്രിയുടെ നടപടി നിയമസഭയുടെ അവകാശ ലംഘനമാണെന്നും വിഷയത്തില്‍ മന്ത്രിക്ക് നോട്ടിസ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം കിഫ്ബിക്കെതിരായ നീക്കത്തില്‍ സര്‍ക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്. സിഎജിക്ക് വിശദമായ മറുപടി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാരിന് നല്‍കിയ കരട് റിപ്പോര്‍ട്ട് നിയമസഭയിലെത്തുന്നതിന് മുന്‍പ് തന്നെ പുറത്ത് വിട്ട് പ്രതിരോധം തീര്‍ക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്. കിഫ്ബിയെ തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു ധനമന്ത്രിയുടെ വാദം.