കെ.അരവിന്ദ്
ഓഹരി വിപണി പോയവാരം മികച്ച മുന്നേറ്റമാണ് നടത്തിയത്. നിഫ്റ്റി ഏകദേശം 500 പോയിന്റാണ് ഒരാഴ്ച കൊണ്ട് ഉയര്‍ന്നത്. ദീപാവലിയോട് അനുബന്ധിച്ച് മികച്ച വില്‍പ്പന പ്രതീക്ഷിക്കുന്നതിനാല്‍ പല കമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റമുണ്ടായി. പ്രത്യേകിച്ച് ഉപഭോഗ അധിഷ്ഠിതമായ ഓഹരികള്‍ വിപണിയിലെ കുതിപ്പില്‍ നേട്ടമുണ്ടാക്കി.
ബാങ്കിംഗ് ഓഹരികള്‍ തന്നെയാണ് ഈയാഴ്ചയിലെ കുതിപ്പിന് നേതൃത്വം നല്‍കിയത്. ബാങ്ക് നിഫ്റ്റി ഏകദേശം 2000 പോയിന്റ് വരെ ഈയാഴ്ച ഉയര്‍ന്നു. വിപണിയിലെ മുന്നേറ്റത്തിന് പ്രധാന കാരണം ബാങ്കിംഗ് ഓഹരികളിലുണ്ടായ കുതിപ്പാണ്.
ധനലഭ്യത തന്നെയാണ് വിപണിയെ നയിക്കുന്ന പ്രധാന ഘടകം. ഓഹരി വിപണിയിലെ മുന്നേറ്റത്തിന്റെ ഓരോ ഘട്ടത്തിലും വിവിധ മേഖലകളാണ് പങ്കുകൊണ്ടത്. എല്ലാ മേഖലകളിലും ഒരേ സമയത്ത് മുന്നേറ്റമുണ്ടായില്ല.
യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥ കരകയറാനുള്ള സാധ്യത തെളിയുന്നത് ബാങ്കിങ് & ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരികളുടെ ഡിമാന്റ് മെച്ചപ്പെട്ട നിലയില്‍ തുടരാനുള്ള സാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുഎസ് ഓഹരി വിപണിയിലും ടെക്നോളജി ഓഹരികളുടെ മുന്നേറ്റത്തിന് കടിഞ്ഞാണ്‍ വീഴുകയും ബാങ്കിങ് & ഫിനാന്‍സ് ഓഹരികള്‍ക്ക് താല്‍പര്യമേറുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയും ഈ പ്രവണത തുടരാനാണ് സാധ്യത.
ഇപ്പോഴത്തെ മുന്നേറ്റത്തെ നയിച്ചത് ബാങ്കിംഗ് ഓഹരികളാണ്. പോയ വാരം അവസാനത്തോടെ ഓട്ടോ മൈബൈല്‍ ഓഹരികളും റിലയന്‍സ് ഇന്റസ്ട്രീസും മുന്നേറ്റത്തില്‍ പങ്കുകൊണ്ടു.
നിഫ്റ്റിക്ക് 13,000 പോയിന്റിലാണ് പ്രതിരോധമുള്ളത്. ഈ നിലവാരം മറികടന്ന് മുന്നോട്ടു പോവുകയാണെങ്കില്‍ 13,600 പോയിന്റിലാണ് അടുത്ത പ്രതിരോധം. വിപണി തിരുത്തല്‍ നേരിടുകയാണെങ്കില്‍ 12,400ലും 12,000ലും ആണ് താങ്ങുള്ളത്.
തിരുത്തലിന് സാധ്യത എപ്പോഴുമുണ്ട്. അത് വിപണിയിലെ ഉയര്‍ച്ച ആരോഗ്യകരമായി തുടരാന്‍ ആവശ്യവുമാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന നിലയിലുള്ള ലാഭമെടുപ്പ് വിപണിയില്‍ സംഭവിക്കാവുന്നതാണ്. അത് സൂചികയെ മൊത്തത്തില്‍ ബാധിക്കുന്ന തരത്തിലാകണമെന്നില്ല. ശക്തമായ കുതിപ്പ് നടത്തിയ ചില മേഖലകളില്‍ മാത്രമായി ലാഭമെടുപ്പിന് സാധ്യതയുണ്ട്.
ശനിയാഴ്ച നടക്കുന്ന ദീപാവലി ദിനത്തിലെ മുഹൂര്‍ത്ത വ്യാപാരം നിക്ഷേപകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മുഹൂര്‍ത്ത വ്യാപാര ദിനത്തില്‍ ഓഹരികള്‍ വാങ്ങുന്നത് ശുഭകരമാകുമെന്ന വിശ്വാസമാണ് നിക്ഷേപകര്‍ക്കുള്ളത്.