മുംബൈ: തുടര്‍ച്ചയായ എട്ട് ദിവസത്തെ കുതിപ്പിനു ശേഷം ഓഹരി വിപണി ഇന്ന് നഷ്ടം നേരിട്ടു. സെന്‍സെക്സ് 236 പോയിന്റും നിഫ്റ്റി 58 പോയിന്റും ഇടിഞ്ഞു. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പാണ് ഇടിവിന് കാരണമായത്. സെന്‍സെക്സ് 43357.19 പോയിന്റിലും നിഫ്റ്റി 12690.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയില്‍ 120 പോയിന്റ് വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,624 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്റ്റി ഇടിഞ്ഞിരുന്നു. നിഫ്റ്റി 12,741 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്ത ബാങ്ക് ഓഹരികള്‍ ഇന്ന് ഇടിവ് നേരിട്ടു. നിഫ്റ്റി ബാങ്ക് സൂചിക 1.73 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് സൂചിക സൂചികയില്‍ ഉള്‍പ്പെട്ട എല്ലാ ഓഹരികളും ഇന്ന് ഇടിവ് നേരിട്ടു. ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ എന്നിവ മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു.
അതേ സമയം എഫ്എംസിജി ഓഹരികളില്‍ മുന്നേറ്റമുണ്ടായി. നിഫ്റ്റി എഫ്എംസിജി സൂചിക 1.28 ശതമാനം ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗ്രാസിം, ശ്രീ സിമന്റ്സ്, ഹിന്‍ഡാല്‍കോ, ഐടിസി എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്റ്റി ഓഹരികള്‍. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗ്രാസിം, ശ്രീ സിമന്റ്സ് എന്നീ ഓഹരികള്‍ 2 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 26 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 24 ഓഹരികളാണ് നഷ്ടത്തിലായത്. എസ്ബിഐ, കോട്ടക് മഹീന്ദ്ര ബാങ്ക്, കോള്‍ ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി എന്നീ ഓഹരികള്‍ 2 ശതമാനത്തിന് മുകളില്‍ നഷ്ടം നേരിട്ടു.