കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍. കള്ളക്കടത്ത് തുടങ്ങുന്നത് 2019 മുതല്‍. 2018ല്‍ തുറന്ന ലോക്കറിന് ഇതുമായി എന്ത് ബന്ധമാണുള്ളത്? കൃത്യമായ തെളിവില്ലാതെയാണ് കേസ് എടുത്തിരിക്കുന്നത്. എന്‍ഐഎ അന്വേഷണവുമായി പൊരുത്തക്കേടുണ്ട്. സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ ഏത് ഉദ്യോഗസ്ഥനെയാണ് ശിവശങ്കര്‍ വിളിച്ചതെന്ന് ഇ.ഡി വ്യക്തമാക്കുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യഹര്‍ജി എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി പരിഗണിക്കവെയാണ് അഭിഭാഷകന്റെ വാദം.
കടുത്ത മാനസിക സമ്മര്‍ദം മൂലമാകാം ശിവശങ്കറിനെതിരെ സ്വപ്ന മൊഴി നല്‍കിയത്. നാല് മാസമായി സ്വപ്‌ന അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാണ് കഴിയുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. ശിവശങ്കര്‍ വിളിച്ചത് കസ്റ്റംസിനെയല്ല, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെയാണ്.
അതേസമയം, പ്രതികളുടെ മൊഴിയാണ് അടിസ്ഥാനമെന്ന് കോടതി പറഞ്ഞു. ശിവശങ്കറിന് സ്വര്‍ണക്കടത്ത് അറിയാമെന്നാണ് പ്രധാനപ്രതിയുടെ മൊഴി. അറിഞ്ഞുകൊണ്ട് കള്ളക്കടത്തിലെ പണം ഒളിക്കാന്‍ കൂട്ടുനില്‍ക്കുന്നത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.