പമ്പ: ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട 12 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. 13ന് ആണ് ശ്രീ ചിത്തിര ആട്ട തിരുനാള്‍. പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് അഭിഷേകവും പൂജകളും നടക്കും.രാത്രി 7.30 ന് ഹരിവരാസനം പാടി നട അടക്കും. ചിത്തിര ആട്ടത്തിരുനാളിനായി നട തുറക്കുന്ന രണ്ട് ദിവസങ്ങളിലും അയ്യപ്പഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല.
മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം പുതിയ മേല്‍ശാന്തിമാരുടെ അഭിഷേകവും സ്ഥാനാരോഹണ ചടങ്ങും നടക്കും.16 ന് ആണ് വിശ്ചികം ഒന്ന്. ഡിസംബര്‍ 26 ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനയും മണ്ഡലപൂജ നടക്കും. രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും.
മകരവിളക്ക് ഉല്‍സവത്തിനായി നട തുറക്കുന്നത് ഡിസംബര്‍ 30 ന് ആയിരിക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്.20 ന് നട അടയ്ക്കും.നവംബര്‍ 16ന് പുലര്‍ച്ചെ മുതല്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തരെ ദര്‍ശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടും. ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കും സന്നിധാനത്തും പമ്പയിലും നിലക്കലും ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും 24 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും ഭക്തര്‍ പൂര്‍ണ്ണമായും പാലിക്കണമെന്നാണ് നിര്‍ദേശം.

















