വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു. രണ്ട് ഏക്കര്‍ സ്ഥലത്ത് 140 ഫ്ളാറ്റുകളുടെ നിർമാണം പുനരാരംഭിക്കണമെന്നാണ് ആവശ്യം. കരാറുകാരായ യൂണിടാക് പദ്ധതിയില്‍ നിന്ന് പിൻമാറിയതിനെ തുടർന്നാണ് നിർമാണം നിലച്ചത്.
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സിബിഐ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് കരാറുകാരായ യൂണിടാക് പദ്ധതിയില്‍ നിന്ന് പിന്മാറിയത്. സ്ഥലം എംഎല്‍എ കൂടിയായ അനില്‍ അക്കരയുടെ പരാതിയിലായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് സിബിഐ കേസ് എടുത്തത്. വടക്കാഞ്ചേരി പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്കും യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും നാലു കോടി രൂപ കോഴ നല്‍കിയെന്നാണ് യൂണിടാക് ഉടമകളുടെ മൊഴി.
ഫ്ലാറ്റുകളുടെ നിര്‍മാണം നിലച്ച പശ്ചാത്തലത്തില്‍ ബദല്‍ സംവിധാനം ഉണ്ടാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പ്പറമ്ബിലാണ് വിവാദ ഫ്ലാറ്റ് സമുച്ചയം. രണ്ട് ഏക്കര്‍ സ്ഥലത്ത് 140 ഫ്ളാറ്റുകളാണ് നാലു ബ്ലോക്കുകളിലായുളളത്.

















