ജിദ്ദ: സൗദി അറേബ്യയിലെ ഇടത്തരം, വന്‍കിട വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും കുട്ടികളുടെ പരിപാലനത്തിന് പ്രത്യേക സൗകര്യം ഒരുക്കണമെന്ന് മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം നിര്‍ദേശം. 40,000 ചതുരശ്ര മീറ്ററോ അതില്‍ കൂടുതലോ വിസ്തീര്‍ണമുള്ള വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും ഡേ കെയര്‍ സംവിധാനം ഒരുക്കണമെന്നാണ് മന്ത്രാലയം സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടത്.
കുട്ടികള്‍ക്ക് കുറഞ്ഞത് 50 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ സ്ഥലം മാറ്റിവെക്കണം. അവിടെ ഡേ കെയര്‍ സെന്റര്‍ സജ്ജീകരിക്കണം. രാജ്യത്തെ എല്ലായിടത്തുമുള്ള വാണിജ്യകേന്ദ്രങ്ങളില്‍ ഇത് നടപ്പാക്കണം. അതിനുള്ള നിര്‍ദേശം നല്‍കാനും പരിശോധന നടത്താനും അതതിടങ്ങളിലെ മുനിസിപ്പാലിറ്റിക്ക് മന്ത്രാലയം ഉത്തരവ് നല്‍കി. തീരുമാനം നടപ്പാക്കുന്നതിന് ആറു മാസത്തെ സാവകാശമുണ്ട്. സ്ത്രീപുരുഷന്മാരും കുട്ടികളുമടക്കം കുടുംബങ്ങള്‍ എത്തുന്ന വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലുമാണ് ഡേ കെയര്‍ ഒരുക്കേണ്ടത്. പുരുഷന്മാര്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ ഇതിന്റെ ആവശ്യമില്ല.അത്തരം വാണിജ്യ കേന്ദ്രങ്ങളെ ഈ തീരുമാനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഷോപ്പിങ്ങിന് എത്തുന്നവരെക്കാള്‍ ജീവനക്കാരുടെ കുട്ടികള്‍ക്കു വേണ്ടിയാണ് പ്രധാനമായും ഡേ കെയര്‍ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീ ജീവനക്കാര്‍ ജോലിക്ക് വരുമ്പോള്‍ അവരുടെ കുട്ടികളെ പരിപാലിക്കാനാണ് ഈ സൗകര്യം. മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയവും മാനവവിഭവശേഷി മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി ആരംഭിക്കുന്നതെന്നും വാണിജ്യ കേന്ദ്രങ്ങളുടെ ലൈസന്‍സിനുള്ള നിബന്ധനകളില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.