വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘത്തിലേക്ക് കടക്കവെ വിജയം ഉറപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 300 ഇലക്ടറല്‍ വോട്ടുകളോടെ വിജയിക്കുമെന്ന് ജോ ബൈഡന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
24 മണിക്കൂര്‍ മുന്‍പ് വരെ ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും തങ്ങള്‍ പിന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്നിലാണ്. നെവാദയിലും അരിസോണയിലും വിജയത്തിലേക്ക് നീങ്ങുകയാണ്. നെവാദല്‍ ഭൂരിപക്ഷം ഇരട്ടിയായി. രാജ്യത്തിന്റെ പിന്തുണയോടെ തങ്ങള്‍ വിജയിക്കുംമെന്നും ബൈഡന്‍ പ്രതികരിച്ചു. ജോര്‍ജിയയില്‍ 28 വര്‍ഷങ്ങള്‍ക്കു ശേഷവും അരിസോണയില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷവുമാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ആധിപത്യം നേടുന്നത്.
കൊവിഡ്, സമ്പദ് വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, വ്യവസ്ഥാപരമായ വംശീയത എന്നിവയ്ക്കെല്ലാമുള്ള മറുപടിയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലമെന്നും ബൈഡന്‍ പറഞ്ഞു. കൊവിഡ് 19 നെ കൂടുതല്‍ ആശങ്കയോടെ നോക്കിക്കാണണമെന്നും നമ്മുടെ സമ്പദ് വ്യവസ്ഥ പുനര്‍നിര്‍മിക്കേണ്ട സമയമായെന്നും ബൈഡന്‍ പറഞ്ഞു. നാല് വര്‍ഷം മുമ്പ് തകര്‍ന്ന നീല മതില്‍ രാജ്യത്തിന്റെ മധ്യത്തില്‍ തന്നെ നമ്മള്‍ പുനര്‍നിര്‍മിച്ചെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ട്രംപിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനും ബൈഡന്‍ മറന്നില്ല. പിരിമുറുക്കം കൂടുതലാണെന്നറിയാം. എങ്കിലും ശാന്തത പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ വോട്ടും എണ്ണും. തെരഞ്ഞെടുപ്പില്‍ നമ്മള്‍ എതിരാളികളാണ്, ശത്രുക്കളല്ല – ട്രംപിനോട് ബൈഡന്‍ പറഞ്ഞു. ജോ ബൈഡന് ഇതുവരെ 264 ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 214 വോട്ടുകളുമാണ് ലഭിച്ചത്. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.