തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈമാസം പത്തിന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പട്ടികയില്‍ വീണ്ടും പേരു ചേര്‍ക്കാന്‍ അവസരം നല്‍കിയത്. പുതിയ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചൊവ്വാഴ്ച വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.
അതേസമയം വോട്ടെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെയാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടെടുപ്പിന് അടുത്തുള്ള ദിവസങ്ങളില്‍ രോഗം വരുന്നവര്‍ക്ക് പിപിഇ കിറ്റ് നല്‍കി വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാനാണ് നീക്കം. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് അടുത്ത മാസം പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന. അടുത്ത ബുധനാഴ്ച മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അഡിമിനിസ്‌ട്രേറ്റീവ് ഭരണം വരും.










